കൊച്ചി: ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്പന്‍റെ പേരിൽ താൻ പണപ്പിരിവ് നടത്തിയെന്ന ആരോപണം തെറ്റാണെന്ന് കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിൻ സാറാ റോബിൻ. നടി മീര ജാസ്മിന്റെ സഹോദരിയാണ് സാറ. അരിക്കൊമ്പന്റെ പേരിൽ ഒരു രൂപ പോലും പിരിച്ചിട്ടില്ലെന്നാണ് സാറ പറയുന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു സാറ.
തന്നെയും തന്‍റെ സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താനാണ് പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമന ശ്രമിക്കുന്നതെന്ന് സാറാ റോബിൻ പറഞ്ഞു. തനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ച അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ സാറാ റോബിൻ പൊലീസിൽ പരാതി നൽകിയത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സാറയുടെ പ്രതികരണം. കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് ഇയാൾ പരാതി നൽകിയത് എന്നാണ് സാറയുടെ വാദം.
‘കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന ഗ്രൂപ് പണപ്പിരിവ് നടത്തിയിട്ടില്ല. അരിക്കൊമ്പനായി ആരുടെയും പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല. തന്നെയും കുടുംബത്തെയും സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ശ്രീജിത്തിന്റെ ഫേസ്ബുക്കിൽ തന്നെയും സഹോദരി മീരാ ജാസ്മിനെയും പേരുപറഞ്ഞ് ആണ് ഇയാൾ ആരോപണം ഉന്നയിച്ചത്. കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ പരാതി ലഭിച്ചിട്ടില്ല. നിലവിൽ ഒമ്പതിനായിരത്തോളം അംഗങ്ങളുണ്ട്. ഈ ഗ്രൂപ്പിനെ തകർക്കുകയാണ് ലക്ഷ്യം. ആരു പണം തന്നു, ആരുടെ അക്കൗണ്ടിൽ നിന്ന് പണം വന്നു എന്ന് ആരോപണം ഉന്നയിച്ചവർ പറയട്ടെ’, സാറ വെല്ലുവിളിച്ചു.
Post Your Comments