തിരുവനന്തപുരം: മലപ്പുറത്ത് വന്ദേഭാരത് ട്രെയിനിനു നേരെ ആക്രമണം നടത്തിയ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവം ഗുരുതരമായ വീഴ്ചയാണെന്നും പൊതുമുതൽ നശിപ്പിച്ചതിന് പ്രതിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നു വ്യക്തമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
‘കേസുമായി ബന്ധപ്പെട്ട് പൊലീസിനുമേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിട്ടുണ്ട്.എലത്തൂർ ട്രെയിൻ ആക്രമണത്തിനു ശേഷമുള്ള ഈ ട്രെയിൻ ആക്രമണത്തെ ഗൗരവമായി കാണാത്ത പൊലീസിന്റെ സമീപനം ശരിയല്ല. പ്രതിക്ക് ഏതെങ്കിലും വിധ്വംസക സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം. കളിക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന പ്രതിയുടെ വാദം വിശ്വസിക്കാൻ മാത്രം മണ്ടൻമാരാണോ കേരള പൊലീസ്?’ കെ സുരേന്ദ്രൻ ചോദിച്ചു.
നേരത്തെ, വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ അറസ്റ്റിലായിരുന്നു. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യം വച്ചല്ല എറിഞ്ഞതെന്നും പ്രതി നൽകിയ മൊഴിയിൽ പറയുന്നു. മരത്തിനു നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണും ഇയാൾ വ്യക്തമാക്കി. തുടർന്ന്, പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി സുരേന്ദ്രൻ രംഗത്തെത്തിയത്.
Post Your Comments