
തിരുവനന്തപുരം: യുവതിയെ കാണാതായതിന് പിന്നാലെ കാമുകനെ മർദിച്ചവശനാക്കി യുവതിയുടെ ബന്ധുക്കള്‍. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. യുവതിയുടെ ബന്ധുക്കളായ പുളിയറക്കോണം കാവിൻപുറം സ്വദേശികളായ ജിത്തു (28), സെൽവരാജ് (58) എന്നിവരെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം എഴുകോൺ സ്വദേശി അനുരാജ് (20) ആണ് മർദനത്തിനിരയായത്.
അനുരാജും കാവിൻപുറം സ്വദേശിനിയായ 18കാരിയും തമ്മിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ പന്ത്രണ്ടാം തിയതി യുവതിയെ വീട്ടിൽ നിന്ന് കാണാതായി. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലം എഴുകോണിൽ ഇവർ ഉള്ളതായി വിവരം ലഭിക്കുകയായിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം അനുരാജ് കഴിഞ്ഞ ദിവസം വിളപ്പിൽശാല സ്റ്റേഷനിൽ ഹാജരായി.
തുടർന്ന് യുവതിയുടെ ബന്ധുക്കളെ വിളിച്ചു വരുത്തുകയും യുവതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ അനുരാജിനെ കണ്ട യുവതിയുടെ ബന്ധുക്കൾ വിളപ്പിൽശാല സ്റ്റേഷന് സമീപത്ത് വെച്ച് ഇയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. അടിയേറ്റ് അനുരാജിന്റെ പല്ലുകൾ ഇളകിപ്പോയി. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Post Your Comments