കൊല്ലം: നാല് മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ നെല്ലിപ്പള്ളി കല്ലാർ ശരത്‌ഭവനിൽ ശരണ്യ(22)യാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഏഴുമണിയാടെയാണ് ശരണ്യയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസമാണ് ശരണ്യ സ്വന്തം വീട്ടിലെത്തിയത്.
സംഭവം നടക്കുന്നതിന്റെ തലേന്ന് രാത്രി തന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യ കിടന്നിരുന്നത്. പിന്നീട് പുലർച്ചെ എഴുന്നേറ്റ് മറ്റൊരു മുറിയിലേക്ക് മാറി കിടക്കുകയായിരുന്നു. ഏഴ് മണിയോടെ ശരണ്യയുടെ അമ്മ ചായയുമായി മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന മകളെ കണ്ടത്. അലറിക്കരഞ്ഞ് ആളെക്കൂട്ടിയ അമ്മ, മകളെ ഉടൻ തന്നെ താഴെയിറക്കി ആശുപത്രിയിലേക്ക് പാഞ്ഞു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി ഒന്നരവർഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. അഖിലുമായി വഴക്കുണ്ടായതിനെ തുടർന്ന് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ശരണ്യ സ്വന്തം വീട്ടിലെത്തിയത്. മരിക്കുമ്പോൾ ശരണ്യ നാലുമാസം ഗർഭിണിയായിരുന്നു. പുനലൂർ തഹസിൽദാർ കെ.എസ്.നസിയയുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Leave a Comment