KeralaLatest NewsNews

കോട്ടയത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം ; അമിത് ഉറാങ് പിടിയില്‍ : പ്രതിയെ അറസ്റ്റ് ചെയ്തത് തൃശൂരിലെ മാളയില്‍ നിന്ന്

ആറ് മാസം മുന്‍പ് നടന്ന മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ വിരലടയാളവും കൊലപാതകം നടന്ന വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളവും ഒന്നു തന്നെയെന്ന് കണ്ടെത്തിയിരുന്നു

കോട്ടയം : തിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അമിത് ഉറാങ് പിടിയില്‍. തൃശൂരിലെ മാളയില്‍ നിന്നാണ് അന്യസംസ്ഥാനക്കാരനായ പ്രതി പിടിയിലാകുന്നത്. കൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മാളയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

ആറ് മാസം മുന്‍പ് നടന്ന മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ വിരലടയാളവും കൊലപാതകം നടന്ന വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളവും ഒന്നു തന്നെയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ നേരത്തെ ജോലി ചെയ്തിരുന്ന അമിത് തന്നെയാണ് പ്രതിയെന്ന് പോലീസ് നിഗമനത്തില്‍ എത്തിയിരുന്നു.

കോടാലി കൊണ്ടുള്ള ആക്രമണത്തിലാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്. തലയ്ക്കു പുറമെ വിജയകുമാറിന് നെഞ്ചത്തും ക്ഷതമേറ്റിട്ടുണ്ട്. വിജയകുമാറിന്റെയും ഭാര്യ മീരയുടെയും മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയിലാണുള്ളത്. മകള്‍ വിദേശത്തുനിന്നും എത്തിയ ശേഷമായിരിക്കും സംസ്‌കാരം.

അസം സ്വദേശിയായ അമിത് ഒരു വര്‍ഷം മുന്‍പേ ഇവിടെ സെക്യുരിറ്റിയായി ജോലി ചെയ്തിരുന്നു. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീട്ടുജോലിക്കാരി വരുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് സ്വഭാവദൂഷ്യം കാരണം അമിതിനെ ജോലിയില്‍ നിന്ന് വിജയകുമാര്‍ പിരിച്ചുവിട്ടിരുന്നു. ഫോണ്‍ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാര്‍ പിരിച്ചുവിട്ടത്. ഫോണ്‍ മോഷണക്കേസില്‍ അമിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു.

മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ഉണ്ട്. വീടിന്റെ കിടപ്പുമുറിയിലും ഹാളിലുമായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. വീട്ടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.

അമ്മിക്കല്ല് കൊണ്ട് പിന്‍വാതില്‍ തകര്‍ത്താണ് അക്രമി അകത്തുകയറിയിരിക്കുന്നത് എന്നും പോലീസ് പറയുന്നു. വാതിലിനോട് ചേര്‍ന്ന് തന്നെ അമ്മിക്കല്ല് കണ്ടെത്തിയിട്ടുണ്ട്. കോടാലി കൊണ്ട് വിജയകുമാറിനെയാണ് ആദ്യം വെട്ടിയത്. ശബ്ദം കേട്ടത്തെിയ ഭാര്യ മീരയെ പിന്നാലെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മകന്‍ അസ്വാഭാവിക രീതിയില്‍ മരിച്ച വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button