
തിരുവനന്തപുരം : അമ്പലമുക്ക് വിനീത കൊലപാതക കേസിലെ പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി. വിധി ഈ മാസം 24ന് പ്രസ്താവിക്കും. ഒരു തെറ്റും ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കണമെങ്കില്‍ കോടതിക്ക് ശിക്ഷിക്കാമെന്നും ഇവിടെ അല്ലെങ്കില്‍ ഉയര്‍ന്ന കോടതിയില്‍ നിരപരാധി ആണെന്ന് തെളിയുമെന്നും പ്രതി പറഞ്ഞു. പ്രതി കൊടും കുറ്റവാളിയെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദീന്‍ കോടതിയില്‍ വ്യക്തമാക്കി.
സീരിയല്‍ കില്ലര്‍ എന്ന നിലയില്‍ പ്രതി സമൂഹത്തിന് ഭീഷണിയെന്നും വധ ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കവര്‍ച്ചക്കായി തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയെന്നും പ്രതി നടത്തിയ നാലു കൊലപാതകങ്ങളില്‍ മൂന്നു പേരും സ്തീകളെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും പൈശാചികവും സമൂഹന്റ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ സമയത്ത് 2022 ഫെബ്രുവരി ആറിനാണ് പ്രതി കൊലപ്പെടുത്തിയത്. 2022 ഫെബ്രുവരി ആറിന് പകല്‍ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ സ്വര്‍ണമാല കവരുന്നതിനായിരുന്നു ഈ അരും കൊല. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ വിസ്തരിച്ചു.
പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും മാനസികാവസ്ഥയും മനസ്സിലാക്കുന്നതിന് വേണ്ടി കന്യാകുമാരി, തിരുവനന്തപുരം ജില്ലാ കലക്ടര്‍മാരുടെ അടക്കമുള്ള ഏഴു റിപ്പോര്‍ട്ടുകള്‍ തേടിയിരുന്നു. തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായിപരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
Post Your Comments