മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ബിഹാർ സ്വദേശി കൊല്ലപ്പെട്ടത് ക്രൂരമായ ആൾക്കൂട്ട ആക്രമണത്തെ തുടര്‍ന്നെന്ന് പോലീസിന്റെ സ്ഥിരീകരണം. ഇതരസംസ്ഥാന തൊഴിലാളിയെ രണ്ട് മണിക്കൂറോളം പ്രതികൾ മര്‍ദ്ദിച്ചിരുന്നു. ഇതിന് ശേഷം അനക്കമില്ലാതായതോടെയാണ് സമീപത്തെ കവലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കള്ളനാണെന്ന് പറഞ്ഞാണ് പ്രതികൾ ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചത്. എന്തിനു വന്നു, എവിടെ നിന്നാണ് വന്നത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചായിരുന്നു ഉപദ്രവം. പ്ലാസ്റ്റിക് പൈപ്പുകൾ, മാവിന്റെ കൊമ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് ഇയാളെ പ്രതികൾ മർദ്ദിച്ചത്. പുലർച്ചെ 12.15 മുതൽ 2.30 വരെ ഉപദ്രവം തുടർന്നു. അതിനുശേഷം അനക്കമില്ലാതായതോടെ വലിച്ചിഴച്ച് 50 മീറ്റർ അകലെയുള്ള അങ്ങാടിയിൽ എത്തിക്കുകയായിരുന്നു എന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
കൊല്ലപ്പെട്ട രാജേഷിന്റെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്കും മാരകമായി പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments