ബെംഗളൂരു: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കർണാടകയിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ ബിജെപിയെ കടന്നാക്രമിച്ച സോണിയ, മെയ് 10ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടുചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചതിന്റെ പേരിൽ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിന് വേണ്ടി ഹുബ്ബള്ളിയിൽ പ്രചാരണം നടത്തുകയായിരുന്നു അവർ.
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് നൽകിയ എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റുകയാണെന്നും കർണാടകയിൽ എല്ലാ വാഗ്‌ദാനങ്ങളും കോൺഗ്രസ് നിറവേറ്റുമെന്നും സോണിയ ഗാന്ധി ഉറപ്പ് നൽകി. ബിജെപിയുടെ കൊള്ളയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം അവസാനിപ്പിക്കാതെ കർണാടകയ്‌ക്കോ രാജ്യത്തിനോ പുരോഗതി കൈവരിക്കാനാകില്ലെന്നും അവർ പറഞ്ഞു.
‘നമുക്ക് കർണാടകയെ കമ്മീഷനിൽ നിന്നും അഴിമതിയിൽ നിന്നും മോചിപ്പിക്കണം. അഞ്ച് വർഷം മുമ്പ് കോൺഗ്രസ് കർണാടകയിൽ കഠിനാധ്വാനം ചെയ്‌തു. ഹിമാചൽ പ്രദേശിൽ നൽകിയ എല്ലാ വാഗ്‌ദാനങ്ങളും ഞങ്ങൾ നിറവേറ്റുകയാണ്. കർണാടകയിൽ ഞങ്ങളുടെ വാഗ്‌ദാനങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ, എല്ലാ വാഗ്‌ദാനങ്ങളും കോൺഗ്രസ് നിറവേറ്റുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കായി പ്രവർത്തിക്കാൻ ഞങ്ങൾ ഞങ്ങളുടെ ഹൃദയം നൽകും.’ സോണിയ ഗാന്ധി പറഞ്ഞു.
Post Your Comments