തൃശൂർ: തൃശൂരിലും ആലപ്പുഴയിലും നടന്ന ലഹരി വേട്ടയിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി. തൃശൂരിൽ സ്വകാര്യ എയർ ബസ്സിൽ കടത്തികൊണ്ടുവന്ന 11. 635 കിലോഗ്രാം കഞ്ചാവ് ഓട്ടോറിക്ഷയിലേക്ക് കൈമാറുന്നതിടെ എക്‌സൈസ് പിടികൂടി. ആന്ധ്രപ്രദേശ്-നെല്ലൂർ സ്വദേശിയായ അപ്പാടി ശിവശങ്കരൻ എന്നയാൾ ചാവക്കാടുള്ള ഷബീർ, അബ്ബാസ് എന്നിവർക്ക് കൈമാറ്റം ചെയ്യുന്നതിനായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. ഓട്ടോറിക്ഷാ ഡ്രൈവർ ആയ ഷബീറിനെയും, ആന്ധ്രാ സ്വദേശി അപ്പാടി ശിവശങ്കരനെയും കഞ്ചാവ് കൈമാറ്റത്തിനിടെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഐ ബി ഇൻസ്‌പെക്ടർ നൗഫൽ ശേഖരിച്ച രഹസ്യ വിവരം തൃശൂർ ഐ ബി ഇൻസ്‌പെക്ടർക്ക് കൈമാറുകയും തുടർന്ന് പാലക്കാട് ഐ ബി, തൃശൂർ ഐ ബി, കുന്നംകുളം റേഞ്ച്, തൃശൂർ സർക്കിൾ ഓഫീസ് പാർട്ടി എന്നിവർ സംയുക്തമായിട്ടാണ് ഓപ്പറേഷൻ നടത്തി പ്രതികളെ പിടികൂടിയത്.
അതേസമയം, രണ്ടു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി നൂറനാട് എക്‌സൈസ് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി നൂറനാട് എക്‌സൈസ് മാങ്കാംകുഴി ഭാഗത്ത് നിന്നാണ് സാനിയ നായിക്ക് എന്നു പേരുള്ള ഒഡീഷ സ്വദേശിയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ചാരുംമൂട് ഭാഗത്ത് ഉള്ളവർക്ക് വേണ്ടിയാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്. അവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്‌സൈസ് ഇൻസ്പെക്ടർ അഖിലിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ പ്രശാന്ത് പി ആർ, പ്രിവന്റ്‌റീവ് ഓഫീസർമാരായ ഗോപകുമാർ, സുരേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനു, പ്രകാശ്, അരുൺ, റഫീഖ്, പ്രവിൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read Also: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിതാ…
Post Your Comments