സംസ്ഥാനത്ത് ക്വാറി ഖനന റോയൽറ്റി ഫീസ് അമിതമായി ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. നിലവിൽ, സർക്കാർ ക്വാറി ഖനന റോയൽറ്റി ഫീസ് ഉയർത്തിയിട്ടുണ്ട്. ഇതിന് ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്ന ഉൽപ്പാദകർക്കും, വിതരണക്കാർക്കുമെതിരെയാണ് നടപടി സ്വീകരിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഏഴ് വർഷത്തിനു ശേഷമാണ് ക്വാറി ഖനന റോയൽറ്റി ഫീസ് പുതുക്കി നിശ്ചയിച്ചത്.
ഏപ്രിൽ ഒന്ന് മുതലാണ് പുതുക്കിയ റോയൽറ്റി ഫീസുകൾ പ്രാബല്യത്തിലായത്. ചതുരശ്ര അടിക്ക് 1.10 രൂപയും, ഡീലേഴ്സ് ലൈസൻസ് ഫീസ് 18 പൈസ മുതൽ 48 പൈസ വരെയുമാണ് വർദ്ധിപ്പിച്ചത്. എന്നാൽ, ഉൽപ്പാദകരും വിതരണക്കാരും ചതുരശ്ര അടിക്ക് 5 രൂപ മുതൽ 15 രൂപ വരെ വില വർദ്ധിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. അതേസമയം, മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ യോഗം വിളിച്ചുചേർത്ത് പ്രശ്നപരിഹാരം ഉടൻ നടപ്പാക്കുമെന്ന് ഉത്തരവിലൂടെ അറിയിച്ചിട്ടുണ്ട്.
Post Your Comments