സംസ്ഥാനത്ത് ക്വാറി-ക്രഷർ ഉടമകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം തുടരുന്നു. സംസ്ഥാന സർക്കാരിന്റെ ക്വാറി നയത്തിൽ പ്രതിഷേധിച്ചാണ് ഉടമകൾ സമരത്തിന് ഇറങ്ങിയത്. അതേസമയം, ക്വാറി, ക്രഷർ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ശക്തമാക്കാൻ കോഴിക്കോട് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ട്.
സമരം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും, ഒത്തുതീർപ്പിൽ എത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനെത്തുടർന്നാണ് സമരം ശക്തമാക്കാൻ ഉടമകൾ രംഗത്ത് എത്തിയത്. ഇതിന്റെ ഭാഗമായി ഏപ്രിൽ 20 മുതൽ 23 വരെ വിവിധ ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങളും വാഹന പ്രചാരണ ജാഥയും സംഘടിപ്പിക്കുന്നതാണ്. കൂടാതെ, മെയ് മൂന്നിന് സെക്രട്ടറിയേറ്റ് മാർച്ചും, ധർണയും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ക്വാറികളുടെ സെക്യൂരിറ്റി ഫീസും, ഖനനം ചെയ്യുന്ന പാറയ്ക്ക് ഈടാക്കുന്ന റോയൽറ്റിയും കുത്തനെ ഉയർത്തിയതോടെയാണ് ക്വാറി ഉടമകൾ സമരത്തിനിറങ്ങിയത്. സംസ്ഥാനത്തെ ക്വാറികളിൽ വെയിറ്റ് ബ്രിഡ്ജ് നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ ലോഡിന്റെയും തൂക്കം അറിയുന്നതിന്റെ ഭാഗമായാണ് വെയ്റ്റ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്. ഇതിനെതിരെയും ഉടമകൾ പ്രതിഷേധിക്കുന്നുണ്ട്. വെയിറ്റ് ബ്രിഡ്ജ് സ്ഥാപിക്കുക അസാധ്യമാണെന്നാണ് ക്വാറി ഉടമകളുടെ വാദം.
Post Your Comments