തിരുവനന്തപുരം: വീട്ടുമുറ്റത്തെ ചെടിയുടെ കമ്പ് മുറിച്ച് മുയലുകൾക്ക് തീറ്റയായി നൽകിയതിൻ്റെ പേരിൽ വയോധികയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ. 90 വയസ്സുകാരി വൃദ്ധയാണ് മകൻ്റെ ഭാര്യയുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായത്. തിരുവനന്തപുരം വിഴിഞ്ഞം തെരുവിൽ കൃഷ്ണമ്മയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ മരുമകൾക്ക് എതിരെ പൊലീസ് കേസെടുത്തു.
കൃഷ്ണമ്മയുടെ ഇളയ മകൻ്റെ ഭാര്യ വിഴിഞ്ഞം തെരുവ് പുതുവൽ വീട്ടിൽ സന്ധ്യ (41) ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മർദ്ദിച്ച സന്ധ്യക്കെതിരെ കേസെടുത്തെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി വ്യക്തമാക്കി. മുയലുകൾക്ക് ഭക്ഷണം ലഭിച്ചില്ലെന്നും അതുകൊണ്ടാണ് താൻ ചെടിയുടെ കമ്പ് ഓടിച്ച് ഭക്ഷണം നൽകിയതെന്നും വൃദ്ധ പറഞ്ഞെങ്കിലും സന്ധ്യ അതൊന്നും ചെവിക്കൊണ്ടില്ല.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സ്കൂളിൽ പാചകത്തൊഴിലാളിയായ മരുമകൾ സന്ധ്യ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുറ്റത്തുള്ള ചെടികളൊടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. താൻ ചെടികളൊടിച്ച് മുയലുകൾക്ക് നൽകിയെന്ന് വയോധിക പറഞ്ഞു. ഇതിൽ പ്രകോപിതയായ സന്ധ്യ വൃദ്ധയെ തെറി പറഞ്ഞു കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആദ്യം വീട്ടു മുറ്റത്തു വച്ചും പിന്നീട് വീടിനുള്ളിലും വൃദ്ധയെ മർദ്ദിച്ചെന്നു ബന്ധുക്കൾ പറഞ്ഞു.
വയോധികയുടെ കരച്ചിൽ കേട്ട് തൊട്ടടുത്ത് താമസിക്കുന്ന മൂത്തമകൻ വിജയമൂർത്തി ഓടിയെത്തിയപ്പോൾ മരുമകൾ വൃദ്ധയെ മർദ്ദിക്കുകയായിരുന്നു. മൂത്തമകൻ അമ്മയും മർദ്ദിക്കരുതെന്ന് യുവതിയോട് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. തുടർന്ന് മകൻ അമ്മയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലിട്ടു. മർദ്ദന ദൃശ്യങ്ങൾ പൊലീസുകാർ ഉൾപ്പെടെയുളള വാട്സാപ്പ് ഗ്രൂപ്പിൽ വന്നതോടെയാണ് പൊലീസ് സംഭവങ്ങളിൽ ഇടപെടുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഉടൻ വൃദ്ധയുടെ വീട്ടിലെത്തുകയായിരുന്നു. വയോധികയെക്കണ്ട് വിവരങ്ങൾ ആരാഞ്ഞു. മൂത്ത മകൻ വിജയമൂർത്തിയുടെ പരാതിയിൽ മുതിർന്ന പൗരൻമാർക്ക് എതിരേയുള്ള അക്രമത്തിന് സന്ധ്യക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.
Post Your Comments