തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ യാത്രക്കാരനായി വ്ലോഗർ സുജിത് ഭക്തനും. റെയിൽവേ ട്രാക്കുകൾക്ക് വേഗത കുറവാണെന്ന സങ്കടമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. താൻ ഇതിനു മുൻപും ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടെന്നും, അതിലൊക്കെയുള്ള എല്ലാ സവിശേഷതകളും വന്ദേ ഭാരതിലും ഉണ്ടെന്ന് സുജിത് ഭക്തൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും ഒരു ട്രെയിനിന്റെ ഉദ്ഘാടനം ഇത്ര ഹൈപ്പോട് കൂടി നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഞാൻ കഴിഞ്ഞ മാസം യാത്ര ചെയ്ത ജപ്പാനിലും ചൈനയിലും ഉള്ള ബുള്ളറ്റ് ട്രെയിനുകളുടെ എല്ലാ സവിശേഷതകളും വന്ദേ ഭാരതിൽ ഉണ്ട്, കേരളത്തിൽ ഇത് വന്നതിൽ അഭിമാനം. മലയാളികൾ ആഘോഷിക്കേണ്ട കാര്യമാണ്. കൂടുതൽ ട്രെയിനുകൾ ഇനിയും വരട്ടെ. പുതിയ പുതിയ സംഭവങ്ങൾ വരണം. അതിവേഗത്തിൽ നമുക്ക് എത്താൻ സാധിക്കും. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മൂന്ന് മണിക്കൂർ കൊണ്ട് എത്താൻ സാധിക്കും എന്നതൊക്കെ വളരെ വലിയ കാര്യമാണ്. നമ്മുടെ കേരളത്തിലെ ട്രാക്കുകൾ പഴയതായത് കൊണ്ട് സ്പീഡ് കുറവാണ്. വളവും തിരിവും ഒക്കെ ആണല്ലോ? ഭാവിയിൽ അതും കൂടെ പരിഹരിക്കപ്പെടുമായിരിക്കും’, സുജിത് ഭക്തൻ പറയുന്നു.
അതേസമയം, ഇന്ന് 11.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരും, മതമേലധ്യക്ഷന്മാരും, മാധ്യമ പ്രവർത്തകരുമാണ് ആദ്യ വന്ദേ ഭാരത് എകസ്പ്രസിൽ ഇടം നേടിയത്. വന്ദേ ഭാരതിന് ഇന്ന് മാത്രം 14 സ്റ്റോപ്പുകളാണ് ഉള്ളത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ 5 മിനിട്ടിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലർ സർവീസ്. അനുവദിച്ച സ്റ്റോപ്പുക്കൾക്ക് പുറമെ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ, എന്നീ സ്റ്റേറ്റഷനുകളിൽ കൂടി ഇന്നത്തെ ഉദ്ഘാടന സ്‌പെഷ്യൽ ട്രെയിൻ നിർത്തും.
Post Your Comments