സിംഗപ്പൂര്‍-മലേഷ്യാ യാത്രയിലാണെന്നും തന്റെ വീട്ടിലോ ഓഫീസിലോ ആദായനികുതി റെയ്ഡ് നടക്കുന്നില്ലെന്നും പ്രമുഖ യൂട്യൂബറും വ്‌ളോഗറുമായ സുജിത് ഭക്തന്‍. സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ചാനലായ ഇന്ത്യാ ടുഡേയോട് പ്രതികരിക്കുകയായിരുന്നു സുജിത് ഭക്തന്‍.
പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നു എന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്റെ പേരും വാര്‍ത്തകളില്‍ പരാമര്‍ശമുണ്ടെന്നും അറിഞ്ഞു. എന്നാല്‍ തന്റെ വീട്ടിലോ ഓഫീസിലോ ഒന്നും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്‍കം ടാക്സ് അടയ്ക്കുന്നുണ്ട്. ജിഎസ്ടി അടയ്ക്കുന്നുണ്ട്. ടാക്സ് സംബന്ധമായ കാര്യങ്ങളില്‍ വീഴ്ച വരുത്താറില്ല.
എനിക്ക് ഒരു കമ്പനി കൂടിയുണ്ട്. അതുകൊണ്ട് ഒരു വീഴ്ചയും വരുത്താറില്ല. എല്ലാ കാര്യങ്ങളും നിയമപരമായി തന്നെ നിര്‍ബന്ധമുള്ളതിനാല്‍ ടാക്സും ഇതുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങളും കൃത്യമായി തന്നെ ചെയ്യാറുണ്ട്. ഇത്തരം റെയ്ഡുകള്‍ വരുമെന്ന് ഞാന്‍ ആദ്യമേ പ്രതീക്ഷിച്ചിരുന്നു. എന്റെ രേഖകള്‍ എല്ലാം ശരിയാക്കി വയ്ക്കാന്‍ നിര്‍ബന്ധവും കാണിക്കാറുണ്ട്.
നിരന്തരം വിദേശ യാത്ര നടത്തുന്ന ഒരാളാണ് ഞാന്‍. വിസ അടക്കമുള്ള കാര്യങ്ങള്‍ മുടക്കം കൂടാതെ ലഭിക്കണമെങ്കില്‍ ഇന്‍കം ടാക്സ് അടച്ചേ മതിയാകൂ. എനിക്ക് വീടിന്റെ ലോണ്‍ ഉണ്ട്. ബാങ്ക് ലോണ്‍ തന്നത് തന്നെ ഇതെല്ലാം പരിശോധിച്ചാണ്. എന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഇല്ലെന്നാണ് എനിക്ക് പറയാനുള്ളത്-സുജിത് ഭക്തന്‍ പറയുന്നു.
Post Your Comments