ഷൊർണൂർ: വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്റെ ഗ്ലാസ്സിൽ വി.കെ ശ്രീകണ്‌ഠൻ എം.പിയുടെ പോസ്‌റ്റർ പതിപ്പിച്ചത് കോൺഗ്രസ് പ്രവർത്തകർ തന്നെയെന്ന് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു. ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിനിന്റെ ബോഗികളിൽ എം.പിയ്‌ക്ക് അഭിവാദ്യം അര്‍പ്പിച്ച് അണികൾ പോസ്‌റ്റര്‍ പതിച്ചത്. 50 ഓളം പോസ്‌റ്ററുകളാണ് ട്രെയിനിൽ പതിച്ചത്. പ്രവർത്തകർ പോസ്‌റ്റർ പതിക്കുമ്പോൾ വി.കെ ശ്രീകണ്‌ഠന്‍ എം.പിയും മറ്റ് നേതാക്കളും ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റർ പശ വെച്ച് ഒട്ടിച്ചതല്ലെന്നും, മഴവെള്ളത്തിൽ ആരോ വെച്ചതാണെന്നുമായിരുന്നു എം.പിയുടെ ന്യായീകരണം. ഈ ന്യായീകരണം പൊളിച്ചടുക്കി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്.
പോസ്റ്റർ ഒട്ടിച്ചത് ശ്രീകണ്ഠന്റെ അനുയായി ആയ, അട്ടപ്പാടി പുത്തൂർ പഞ്ചായത്തിലെ തുടുക്കി വാർഡ് മെമ്പർ ആയ സെന്തിൽ ആണെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു. ശ്രീകണ്ഠന്റെ പോസ്റ്റർ ഒട്ടിക്കാൻ നൂറ് കിലോമീറ്റർ അകലെയുള്ള അട്ടപ്പാടിയിൽ നിന്നും സെന്തിലിനെ കൊണ്ടുവന്നിട്ട്, ഉളുപ്പില്ലാതെ ന്യായീകരണം നടത്തുകയാണോ എന്നാണ് സന്ദീപ് വാര്യർ ചോദിക്കുന്നത്. പോസ്റ്റർ ഒട്ടിച്ചതിന് പിന്നാലെ, ന്യായീകരിക്കുന്നതിന് വേണ്ടി പച്ചക്കള്ളവും പറഞ്ഞ ശ്രീകണ്ഠൻ, ഉളുപ്പുണ്ടെങ്കിൽ രാജ്യത്തോട് മറുപടി പറയണമെന്ന് സന്ദീപ് വാര്യർ ആവശ്യപ്പെടുന്നു.
‘ശ്രീകണ്ഠാ ഈ പോസ്റ്റർ ഒട്ടിക്കുന്നയാൾ താങ്കളുടെ അനുയായിയും അട്ടപ്പാടി പുത്തൂർ പഞ്ചായത്തിലെ തുടുക്കി കോൺഗ്രസ്സ് വാർഡ് മെമ്പറുമായ സെന്തിൽ അല്ലേ? താൻ സ്വന്തം പോസ്റ്റർ വന്ദേ ഭാരത് ട്രെയിനിൽ ഒട്ടിക്കാൻ അനുയായിയെ ഷോർണൂരിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള അട്ടപ്പാടിയിൽ നിന്നും കൊണ്ട് വന്നിട്ട് ഉളുപ്പില്ലാതെ ന്യായീകരണം നടത്തുകയാണോ? പോസ്റ്റർ ഒട്ടിക്കുക മാത്രമല്ല ന്യായീകരിക്കാൻ പച്ചക്കള്ളവും പറഞ്ഞിരിക്കുന്നു ശ്രീകണ്ഠൻ. ഉളുപ്പുണ്ടെങ്കിൽ രാജ്യത്തോട് മാപ്പ് പറയുക’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, വന്ദേ ഭാരത് ട്രെയിനിൽ വി.കെ ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യമർപ്പിച്ചു പോസ്റ്റർ പതിച്ച ആറ് പേരെ തിരിച്ചറിഞ്ഞു. അട്ടപ്പാടി പുത്തൂർ പഞ്ചായത്ത് അംഗം സെന്തിൽ കുമാർ അടക്കം ആറു കോൺഗ്രസ് പ്രവർത്തകരെയാണ് തിരിച്ചറിഞ്ഞത്. പോസ്റ്റർ ഒട്ടിച്ച പ്രവർത്തകരെ താക്കീത് ചെയ്തതായി ശ്രീകണ്ഠൻ എം.പി പറഞ്ഞു. പോസ്റ്റർ പതിക്കാൻ ആരേയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും, നടപടിയെടുക്കാൻ മാത്രമുള്ള തെറ്റ് പ്രവർത്തകർ ചെയ്തതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments