കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ 12കാരന്‍ മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐസ്‌ക്രീമില്‍ വിഷം കലര്‍ന്നിരുന്നതായി പൊലീസ് കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് കൊലപാതകത്തിന് പിന്നിൽ. കഴിഞ്ഞ ഞായറാഴ്ചയാണ് അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി മരിച്ചത്.
താഹിറ ലക്ഷ്യമിട്ടത് സഹോദരൻ മുഹമ്മദലിയുടെ ഭാര്യയെ ആയിരുന്നു. ഐസ്‌ക്രീമിൽ വിഷം കലർത്തി ഇവർ ഫ്രിഡ്ജിൽ വെച്ചു. എന്നാൽ, വെക്കേഷൻ ആയതിനാൽ ഇവർ തന്റെ മറ്റ് രണ്ട് മക്കൾക്കൊപ്പം പേരാമ്പ്രയിലെ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. വീട്ടിൽ ഇരുന്ന ഐസ്ക്രീം കുട്ടി ഒറ്റയ്ക്ക് എടുത്ത് കഴിക്കുകയായിരുന്നു. ഈ കുടുംബവുമായി താഹിറയ്ക്ക് നേരത്തേ മുതൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു.
ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദിയെ തുടര്‍ന്ന് കുട്ടിയെ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുന്നത് കണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. തുടക്കം മുതല്‍ മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന സംശയമാണ് ഉയര്‍ന്നിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന സംശയം ശക്തിപ്രാപിച്ചത്.
ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകുകയായിരുന്നുവെന്നാണ് പ്രതി നൽകിയ മൊഴി. ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതി തനിച്ചാണോ കുറ്റം ചെയ്തത്, ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നു തുടങ്ങിയ കാര്യങ്ങളും അന്വേഷണ സംഘം വിശദമായി അന്വേഷിക്കുന്നുണ്ട്.
Post Your Comments