Latest NewsIndiaNews

കയ്യിൽ മൈക്ക്, തോക്കുകൾ അരയിൽ തിരുകിയ നിലയിൽ; ആതിഖ് അഹമ്മദിനെ കൊല്ലാൻ അവർ എത്തിയതിങ്ങനെ

പ്രയാഗ്‌രാജ്: കുപ്രസിദ്ധ ഗുണ്ടാസംഘവും മുൻ നിയമസഭാംഗവുമായ ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും ശനിയാഴ്ച വെടിവെച്ച് കൊലപ്പെടുത്തിയ സംഘത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു. ഇതിൽ മൂന്ന് പേരെ പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ കീഴടക്കി. രണ്ട് പേർ രക്ഷപ്പെട്ടു. സംഘം വ്യാജ തിരിച്ചറിയൽ കാർഡും ക്യാമറയുമായി മാധ്യമപ്രവർത്തകരെന്ന വ്യാജേന ദിവസം മുഴുവൻ ആതിഖിനെയും സഹോദരനെയും പിന്തുടരുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകം എന്ന് തന്നെ പറയാം. ആതിഖ് അഹമ്മദിനെ ഇല്ലാതാക്കാനും അധോലോകത്തിൽ പ്രശസ്തനാകാനും ആഗ്രഹിച്ചിരുന്നതായി അക്രമികളായ ലൗലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതിനായി പ്രതികളെയും കൊണ്ട് പോലീസ് സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന്, മാധ്യമപ്രവർത്തകർ തടിച്ചുകൂടിയ ഇടത്തെത്തി, നിലയുറപ്പിച്ചു. തങ്ങളുടെ സമയം വരുമെന്ന് ഇവർക്കുറപ്പായിരുന്നു.

ആതിഖും സഹോദരനും പോലീസ് കസ്റ്റഡിയിലാണെന്നും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും അറിഞ്ഞതിനെ തുടർന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് കൊലയാളികൾ പറഞ്ഞു. ആതിഖിന്റെ അടുത്തെത്തണമെങ്കിൽ ഒന്നുങ്കിൽ പോലീസ് ആയിരിക്കണം, അല്ലെങ്കിൽ മാധ്യമപ്രവർത്തകർ ആയിരിക്കണം എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവർ മാധ്യമപ്രവർത്തകരുടെ വേഷം ധരിച്ചത്.

ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്‌റു ഡിവിഷണൽ ഹോസ്പിറ്റലിന് പുറത്ത് രാത്രി 10 മണിയോടെ കൈവിലങ്ങ് പിടിച്ചവരെ ഗേറ്റിൽ നിന്ന് അകത്തേക്ക് കൊണ്ടുപോകുമ്പോൾ മൂന്ന് പേർ ആതിഖിനെയും അഷ്‌റഫിനെയും സമീപിച്ചു. ഇവരുടെ കൈയ്യിൽ മൈക്ക് ആയിരുന്നു. തോക്കുകൾ അരയിൽ തിരുകിയ നിലയിലും. ആതിഖിന്റെ തൊട്ടടുത്തെത്തിയ ശേഷം അരയിൽ തിരുകിയിരുന്ന തോക്കെടുത്ത് അരുൺ മൗര്യ ആദ്യ ബുള്ളറ്റ് ആതിഖിന്റെ തലയിലേക്ക് തൊടുത്തു. 20 ലധികം റൗണ്ടുകൾ കൊലയാളികൾ വെടിവച്ചു. ആതിഖും അഷ്‌റഫും സംഭവസ്ഥലത്തുതന്നെ മരിച്ചു.

അക്രമികളിൽ നിന്ന് മൂന്ന് വ്യാജ മീഡിയ ഐഡി കാർഡുകളും ഒരു മൈക്രോഫോണും ക്യാമറയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. വെടിവയ്പ്പിന് ശേഷം അക്രമികൾ പോലീസിൽ കീഴടങ്ങുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കാലിൽ വെടിയുണ്ടകളിൽ ഒന്ന് പതിച്ച ലവ്‌ലേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ ഫുൽപൂർ മണ്ഡലത്തിൽ നിന്നുള്ള മുൻ പാർലമെന്റ് അംഗമായിരുന്നു ആതിഖ് അഹമ്മദ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 90-ലധികം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ ഉണ്ടായിരുന്നത്. 2018ൽ അലഹബാദ് സർവകലാശാലയിലെ പ്രൊഫസറെ ആക്രമിച്ച കേസിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button