ലക്‌നൗ: കൊല്ലപ്പെട്ട മാഫിയ രാഷ്ട്രീയക്കാരൻ അതീഖ് അഹമ്മദിന്റെ ഭാര്യ ഷായിസ്ത പർവീൺ (51) ഇനിമുതൽ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ. ഉത്തർപ്രദേശ് പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഷായിസ്ത. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 50000 രൂപയാണ് പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്. അതീഖ് അഹമ്മദിന്റെ ക്രിമിനൽ കേസുകളിൽ ഭാര്യയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് യു.പി പോലീസ്.
അടുത്തടുത്ത ദിവസങ്ങളിൽ യുവതിക്ക് തന്റെ മകനെയും ഭർത്താവിനെയും നഷ്ടപ്പെട്ടിരുന്നു. അസദ് ഝാൻസിയിൽ പോലീസ് ഏറ്റുമുട്ടലിൽ മകനും പ്രയാഗ്‌രാജിൽ നടന്ന വെടിവെയ്പ്പിൽ ആതിഖും സഹോദരൻ അഷ്‌റഫും കൊല്ലപ്പെട്ടിരുന്നു. ഭർത്താവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ഷായിസ്ത വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇതോടെ പ്രദേശത്ത് തമ്പടിച്ച പൊലീസിന് നിരാശയായിരുന്നു ഫലം. നിലവിൽ ഷായിസ്ത കീഴടങ്ങാൻ സാധ്യതകളില്ല. ഇവർ ഇപ്പോൾ ഒളിവിലാണ്.
ഫെബ്രുവരി 27ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പർവീൺ എഴുതിയതായി പറയപ്പെടുന്ന കത്ത് അതിഖിന്റെ മരണത്തെ തുടർന്ന് പുറത്തുവന്നിരുന്നു. ഉമേഷ് പാൽ വധക്കേസിൽ ആതിഖിനെയും അഷ്‌റഫിനെയും തെറ്റായി പ്രതികളാക്കുകയാണെന്നും പർവീൺ കത്തിൽ ആരോപിച്ചിരുന്നു. പാലിന്റെ കൊലപാതകത്തിന്റെ സൂത്രധാരൻ മന്ത്രി നന്ദ് ഗോപാൽ ഗുപ്തയാണെന്നും അവർ അവകാശപ്പെട്ടു. താങ്കൾ ഇടപെട്ടില്ലെങ്കിൽ തന്റെ മകനെയും ഭർത്താവിനെയും അവർ കൊലപ്പെടുത്തുമെന്നായിരുന്നു ഷായിസ്ത യോഗിക്കെഴുതിയ കത്തിൽ പറഞ്ഞിരുന്നത്.
2009 മുതൽ പ്രയാഗ്‌രാജിൽ നാല് കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മൂന്ന് വഞ്ചന കേസുകളും ഒരു കൊലപാതക കേസും ഉൾപ്പെടുന്നു. ഉമേഷ് പാലിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിലും നടപ്പിലാക്കുന്നതിലും പർവീണിന് പങ്കുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments