ലഖ്‌നൗ: 19 വർഷം മുമ്പ് ആതിഖ് അഹമ്മദ് പറഞ്ഞ വാക്കുകൾ സത്യമായി. പൊലീസോ ഗുണ്ടകളോ ആരെങ്കിലും തന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്നായിരുന്നു ആതിഖ് വർഷങ്ങൾക്ക് മുൻപ് പ്രവചിച്ചിരുന്നത്. 2004-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെയായിരുന്നു ആതിഖ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അതുപോലെ തന്നെ സംഭവിച്ചു.. തെരഞ്ഞെടുപ്പിൽ ഫുൽപൂർ മണ്ഡലത്തിൽ നിന്ന് ആതിഖ് വിജയിച്ചു. ഗുണ്ടാനേതാവായി അറിയപ്പെടുമ്പോഴും അലഹബാദിലെ സിറ്റി വെസ്റ്റ് മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു.
2004-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് തന്റെ അന്ത്യം എങ്ങനെ മുൻകൂട്ടി കാണുന്നുവെന്ന് ആതിഖ് പറഞ്ഞത്. ‘കുറ്റവാളി എന്ന നിലയിൽ, നമ്മുടെ വിധി എന്തായിരിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ അഗ്നിപരീക്ഷയിൽ നിന്ന് രക്ഷപ്പെടാനോ വൈകിപ്പിക്കാനോ ഉള്ള പോരാട്ടമാണ് ദൈനംദിനം നടത്തുന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പ്രതിനിധാനം ചെയ്‌ത ഒരു സ്ഥലത്തുനിന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നെഹ്‌റുവിനെപ്പോലെ ഞാനും നൈനി ജയിലിൽ പോയിട്ടുണ്ട്’, ആതിഖ് അന്ന് പറഞ്ഞു.
അതേസമയം, ശനിയാഴ്ച രാത്രി പോലീസ് വലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് വെടിവെപ്പ് ഉണ്ടായത്. അതിഖ് അഹമ്മദിന് മകന്റെ അന്ത്യകര്‍മങ്ങളിൽ പങ്കെടുക്കാനായിരുന്നില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെ ഒരാള്‍ അദ്ദേഹത്തിന്റെ തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് ആതിഖ് മാധ്യമങ്ങളോട് സംസാരിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ‘നഹി ലേ ഗയേ തോ നഹി ഗയേ (അവർ ഞങ്ങളെ കൊണ്ടുപോയില്ല, അതിനാൽ ഞങ്ങൾ പോയില്ല)’, ഉമേഷ് പാൽ വധക്കേസിലെ പ്രതിയായ മുൻ എംപി പറഞ്ഞു. മകൻ അസദിന്റെ സംസ്‌കാര ചടങ്ങുകൾക്ക് കൊണ്ടുപോകാത്തതിൽ എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആതിഖ്.
Post Your Comments