
പാലക്കാട്: പാലക്കാട് മുൻ റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. മോഷണശ്രമം ചെറുക്കുന്നതിനിടെ അകത്തേത്തറ സ്വദേശിയായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. നാടോടികളായ പ്രതികളെ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ കുമാറും ലക്ഷ്മിയും ആണ് അറസ്റ്റില്‍ ആയത്.
കഴിഞ്ഞ മാസം അഞ്ചിനാണ് പ്രഭാകരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെയാണ് പ്രഭാകരന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് തെളിഞ്ഞത്. വാരിയെല്ലുകള്‍ പൊട്ടിയിരുന്നെന്നും, ആന്തരിക ക്ഷതങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പ്രഭാകരന്‍ ഒറ്റയ്ക്കു താമസിക്കുകയാണെന്നു മനസ്സിലാക്കിയ തമിഴ്നാട് സ്വദേശികളായ കുമാറും ലക്ഷ്മിയും പാഴ് വസ്തുക്കള്‍ ശേഖരിക്കാനെന്ന പേരില്‍ ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്നു. പ്രദേശവാസികളില്‍ നിന്ന് ലഭിച്ച സൂചന പ്രകാരം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവതിയും, യുവാവും അറസ്റ്റിലായത്.
പ്രതികളെ പൊലീസ് പ്രഭാകരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
Post Your Comments