
കൊച്ചി: ചേരാനെല്ലൂരില്‍ എംബിഎക്കാരന്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ മാലപൊട്ടിച്ചത് പുതിയ കാർ വാങ്ങാനുള്ള പണം കണ്ടെത്താനെന്ന് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മഞ്ഞുമ്മല്‍ സ്വദേശി സോബിന്‍ സോളമനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വീട്ടുജോലി കഴിഞ്ഞ മടങ്ങിയ അമ്പലക്കടവ് സ്വദേശിനിയുടെ മൂന്നരപവന്‍റെ മാലയാണ് സോബിന്‍ കവര്‍ന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചേരാനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഇടവഴിയില്‍വെച്ചായിരുന്നു സംഭവം. മുഖം മറച്ച് വീട്ടമ്മയെ പിന്തുടര്‍ന്ന സോബിന്‍ ബലപ്രയോഗത്തിലൂടെ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളയുകയാണ് ചെയ്തത്. പിന്നാലെ വീട്ടമ്മ പൊലീസിനെ സമീപിച്ചത്.
വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ചേരാനെല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തിന്‍റെ ബൈക്കിലാണ് സോബിന്‍ കവര്‍ച്ച നടത്തിയത്. സുഹൃത്തിനെ കണ്ടെത്തിയ പൊലീസ് രാത്രിയോടെ സോബിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എംബിഎ പഠനം പൂര്‍ത്തിയാക്കിയ സോബിന്‍ നിലവില്‍ എവിടെയും ജോലിക്ക് പോകുന്നില്ല.
വീട്ടിലെ പഴയകാര്‍ മാറ്റി പുതിയത് വാങ്ങാന്‍ സോബിന്‍ പദ്ധതിയിട്ടിരുന്നു. ഇതിനാവശ്യമായ പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്നാണ് സോബിന്‍റെ മൊഴി.മോഷ്ടിച്ച മാല സോബിന്‍ നേരെ ബാങ്കിലെത്തി പണയംവെച്ചു. കറുത്ത കോട്ട് ധരിച്ചെത്തിയ യുവാവാണ് കവര്‍ച്ച നടത്തിയതെന്ന് വീട്ടമ്മ നല്‍കിയ വിവരം ആണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
Post Your Comments