ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു കൊലക്കുറ്റത്തിന് ശിക്ഷ കഴിഞ്ഞെത്തിയ ശേഷം രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തി. ജയില്‍മോചിതനായ സിദ്ദു വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെത്തി ഇരുനേതാക്കളെയും കണ്ടത്. തന്നെ ജയിലിലടക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യാം, എന്നാല്‍ പഞ്ചാബിനോടോ നേതാക്കളോടോ ഉള്ള പ്രതിബദ്ധതയില്‍ നിന്ന് താന്‍ പിന്മാറില്ലെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിദ്ദുവിന്‍റെ പ്രതികരണം.
‘എന്‍റെ ഉപദേഷ്ടാവ് രാഹുല്‍ ജിയെയും സുഹൃത്തും തത്ത്വചിന്തകയും വഴികാട്ടിയുമായ പ്രിയങ്ക ജിയെയും ഇന്ന് ഡല്‍ഹിയില്‍ വച്ച് കണ്ടു.നിങ്ങള്‍ക്ക് എന്നെ ജയിലില്‍ അടയ്ക്കാം, എന്നെ ഭീഷണിപ്പെടുത്താം. എന്‍റെ എല്ലാ സാമ്പത്തിക അക്കൗണ്ടുകളും തടയാം. എന്നാല്‍ പഞ്ചാബിനും എന്‍റെ നേതാക്കന്മാര്‍ക്കും വേണ്ടിയുള്ള എന്‍റെ പ്രതിബദ്ധത ഒരിഞ്ച് കുലുങ്ങുകയോ പിന്നോട്ട് പോകുകയോ ചെയ്യില്ല !! എന്‍റെ നേതാക്കളും കുലുങ്ങില്ല’- സിദ്ദു ട്വീറ്റ് ചെയ്തു.
1988ല്‍ പാർക്കിങ്ങിനിടെ ഉണ്ടായ ഒരു തര്‍ക്കത്തിനിടെ ഗുര്‍നാം സിങ് എന്നയാളെ അടിച്ചുകൊന്ന കേസിലാണ് 59കാരനായ സിദ്ദുവിനെ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നത്. 1988 ഡിസംബര്‍ 27ന് ഉച്ചക്ക് വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍ണാം സിങ് ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
സിദ്ദുവിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുര്‍ണാം ആശുപത്രിയില്‍വെച്ച് മരിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ചെങ്കിലും 2018ല്‍ സുപ്രിംകോടതി ശിക്ഷ 1000 രൂപ പിഴയിലൊതുക്കി. മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രിംകോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു ഈ വിധി.
Post Your Comments