
കൊച്ചി : കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കാത്ത വിഷയവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ക്ക് മറുപടി ഇല്ലെന്ന് വീണാ ജോര്‍ജ്ജ് പറഞ്ഞു. ആരോഗ്യമന്ത്രിയെ ക്രൂശിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
” ആശാ സമരത്തില്‍ കേന്ദ്ര മന്ത്രിയെ കാണുന്നത് തെറ്റ് ആണോ? കേന്ദ്ര മന്ത്രി അപ്പോയ്ന്‍മെന്റ് തരുമെന്ന് പ്രതീക്ഷിക്കുന്നു. മാധ്യമങ്ങള്‍ക്ക് എന്തും പറയാം. മാധ്യമങ്ങളോട് എല്ലാം പറയാന്‍ ഞാന്‍ ബാധ്യസ്ഥയല്ല. എനിക്ക് കാര്യങ്ങള്‍ പറയാന്‍ സ്വന്തം ഫേസ്ബുക്ക് പേജുണ്ട്. അത് വഴി പൊതുസമൂഹത്തോട് കാര്യങ്ങള്‍ പറയും “, – വീണാ ജോര്‍ജ്ജ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ വീണ ജോര്‍ജ്ജിന് ജെ പി നദ്ദയെ കാണാന്‍ സാധിച്ചിരുന്നില്ല. ക്യൂബന്‍ ഉപപ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കും വിരുന്നിനുമായി എത്തിയ മന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി ശ്രമിക്കുകയായിരുന്നു. മുന്‍കൂട്ടി ഉറപ്പിക്കാതെ കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിക്കാതിരുന്നതിനാല്‍ പരാജയപ്പെടുകയായിരുന്നു.
കേന്ദ്രമന്ത്രിയുമായി പെട്ടെന്നുള്ള കൂടിക്കാഴ്ചക്ക് ഒഴിവില്ലെന്ന് അറിയിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തയാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ കാണുന്ന കാര്യം പരിഗണിക്കാമെന്ന് പറഞ്ഞതായാണ് വിവരം. പാര്‍ലമെന്റ് സമ്മേളന തിരക്കുകള്‍ കാരണം രാജ്യസഭയില്‍ ഭരണകക്ഷിയുടെ സഭാ നേതാവ് കൂടിയായ കേന്ദ്രമന്ത്രി നദ്ദ ഒഴിവില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ആശ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണര്‍ മുഖേനയാണ് കേന്ദ്ര മന്ത്രിക്കുള്ള കത്ത് നല്‍കിയത്.
Post Your Comments