KeralaLatest NewsNews

അച്ഛനമ്മമാര്‍ ഉപേക്ഷിച്ച കുഞ്ഞിന് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: അച്ഛനമ്മമാര്‍ ഉപേക്ഷിച്ച കുഞ്ഞിന് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍. അടിയന്തരമായി ഇടപെടാന്‍ വനിതാ ശിശു വികസന വകുപ്പിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. കുഞ്ഞിനെ നാളെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും .

Read Also: എസ്എഫ്ഐയില്‍ അഴിച്ചുപണി: സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോ മാറും

23 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ മടങ്ങുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ലൂര്‍ദ് ആശുപത്രി അധികൃതര്‍ അറിയിച്ചു. മാതാപിതാക്കള്‍ തിരിച്ചു വരുന്നെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറും.

കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഇനി വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിന് ഇനിയുള്ള ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍, പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

ഒരു കിലോയില്‍ താഴെ മാത്രം ഭാരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവര്‍ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേയ്ക്ക് മാറ്റി. പിന്നീട് അച്ഛനേയും അമ്മയേയും കാണാതെയായി. അവരുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ലാ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button