തിരുവനന്തപുരം: ഭാര്യയുടെ അവിഹിതബന്ധത്തെ തുടർന്ന് താൻ ജീവനൊടുക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിനുശേഷം ആത്മഹത്യ ചെയ്ത ന്യൂസിലാൻഡ് പ്രവാസിയായ ബൈജു രാജുവിനെ കുറിച്ചുള്ള വാർത്തകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അവസാന നിമിഷമാണ് ബൈജു രാജുവിനെ തേടി അന്ത്യ ചുംബനം നൽകാനായി മകൾ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബൈജു രാജുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കാളിയായ നടനും സംവിധായകനുമായ എംബി പത്മകുമാർ തന്റെ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ചർച്ചയായിരുന്നു.
ബൈജു രാജുവിനെഴുതുന്ന ഒരു കത്തിന്റെ രൂപത്തിലാണ് പത്മകുമാർ വീഡിയോ പങ്കുവെച്ചത്. ഇപ്പോൾ ഈ വീഡിയോ നിർമ്മാണത്തിനിടെ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.
എംബി പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ബൈജുവിനെ ഞാൻ കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ എന്റെ മോട്ടിവേഷണൽ വീഡിയോകൾ പിന്തുടരുന്ന ഒരാൾ. ഒരു ദിവസം അയാൾ എനിക്ക് മെയിൽ അയച്ചു. അയാളുടെ ആത്മഹത്യാ കുറിപ്പ്. ഞാൻ മെയിൽ വായിച്ചപ്പോഴേക്കും അയാൾ മരിച്ചിരുന്നു. ആ മെയിലിൽ ആത്മഹത്യ ചെയ്യാനുള്ള കാരണവും വ്യക്തികളും തെളിവുകൾ സഹിതം ഉൾപ്പെടുത്തിയിട്ടുണ്ട്. അത് എന്റെ ഹൃദയത്തെ വേദനിപ്പിച്ചു. ഈ വീഡിയോയിലൂടെ, മരണത്തിന് മുമ്പ് അദ്ദേഹം എന്നെ ഏൽപ്പിച്ച ജോലി ചെയ്യാൻ ഞാൻ ശ്രമിച്ചു. വീഡിയോ പൂർത്തിയാക്കി വിശ്രമവും ഉറക്കവുമില്ലാതെ പുറത്തേക്ക് വരുമ്പോൾ ഒരു കാറ്റ് എന്നെ തഴുകി. വെറുതെ പറയുന്നതല്ല. ഞാനത് അനുഭവിച്ചു. ഞാൻ നിന്നിരുന്ന ചെടികളെ മാത്രം ചലിപ്പിച്ച ഒരു ചെറുകാറ്റ്. അടുത്തു നിന്നവരും കണ്ടു, എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയ ഒരു തണുത്ത കാറ്റിന്റെ സാന്നിധ്യം.
Post Your Comments