
മഞ്ചേരി: 11 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 27 വര്‍ഷം തടവും 87,500 രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി പോക്‌സോ അതിവേഗകോടതിയാണ് ശിക്ഷ വിധിച്ചത്. പുളിക്കൽ കൊടികുത്തിപ്പറമ്പ് സ്വദേശി അസ്കറലിയെയാണ് (26) ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്.
മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ കരിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗം ചെയ്തതിന് പത്തുവര്‍ഷം കഠിനതടവ്, 25,000 രൂപ പിഴ, 12 വയസ്സിന് താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് അഞ്ച് വര്‍ഷം വീതം കഠിനതടവ്, 20,000 രൂപ വീതം പിഴ, കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് മൂന്നു വര്‍ഷം കഠിനതടവ്, 10,000 രൂപ പിഴ എന്നിങ്ങനെ വിവിധ വകുപ്പുകളിലാണ് ശിക്ഷ. പ്രതി പിഴയടക്കുകയാണെങ്കില്‍ സംഖ്യ മുഴുവനായും അതിജീവിതക്ക് നല്‍കണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു.
സര്‍ക്കാറിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കാൻ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലടച്ചു.
Post Your Comments