
വടക്കാഞ്ചേരി: വാറ്റു ചാരായവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. മണലിത്തറ സ്വദേശി കോളനി വീട്ടിൽ പ്രസാദ് (37), പുത്തൻകളപുരയിൽ വീട്ടിൽ ബ്രിട്ടോ ജേക്കബ്(47) എന്നിവരെയാണ് വാറ്റുചാരായം സഹിതം പൊലീസ് അറസ്റ്റ് ചെയ്തത്.
മണലിത്തറ കിഴക്കേക്കര കോളനിയിലെ സി.ഡി. പ്രസാദിന്റെ വീട്ടിൽ നിന്നും 10 ലിറ്റർ വാറ്റുചാരായവും 40 ഓളം ലിറ്റർ വാഷും വാറ്റുപകരണങ്ങളും സഹിതമാണ് ഇരുവരെയും പിടികൂടിയത്.
തെക്കുംകര, മണലിത്തറ കിഴക്കേക്കര കോളനിയിൽ ഉത്സവത്തോടനുബന്ധിച്ചുള്ള വില്പനക്കായി ചാരായം വാറ്റുന്നുണ്ടെന്ന് വടക്കാഞ്ചേരി സിഐ കെ. മാധവൻകുട്ടിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ ഡി.എസ്. ആനന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. മച്ചാട് മാമാങ്കം, ഉത്രാളിക്കാവ് പൂരം എന്നിവയോടനുബന്ധിച്ച് പരിശോധന കർശനമാക്കുമെന്ന് വടക്കാഞ്ചേരി പൊലീസ് അറിയിച്ചു.
അന്വേഷണ സംഘത്തിൽ ഉദ്യോഗസ്ഥരായ സിംസണ്‍ പ്രസാദ്, ഇ.എസ്. സജീവൻ, എൻ.ബി. പ്രവീണ്‍, ടി.ആർ. അനീഷ്കുമാർ, ഗോഡ്വിൻ തോമസ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments