പറവൂര്‍: വിവാഹ ചടങ്ങിനിടെ വധു താലികെട്ടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പറയകാട് ക്ഷേത്രത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ആദ്യം പെണ്ണുകാണാന്‍ വന്ന യുവാവുമായുള്ള അടുപ്പത്തെത്തുടര്‍ന്നായിരുന്നു വിസമ്മതം. രാവിലെ ബ്യൂട്ടിപാലര്‍റില്‍ നിന്നും ക്ഷേത്രത്തിലേക്ക് വധു എത്തി. ക്ഷേത്രം ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ വിവാഹ ചടങ്ങുകള്‍ തുടങ്ങിയ ശേഷമായിരുന്നു മനംമാറ്റം.
Read Also: ചിന്തയുടെ ‘വാഴക്കുല’: റദ്ദാക്കേണ്ടത് സൂപ്പർവൈസിങ് ടീച്ചറുടെ ഗൈഡ്ഷിപ്പെന്ന് എസ്. ശാരദക്കുട്ടി
തര്‍ക്കത്തെ തുടര്‍ന്ന് പറവൂര്‍ പൊലീസ് ക്ഷേത്രത്തിലെത്തി രണ്ടുകൂട്ടരെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്. ചര്‍ച്ചകള്‍ക്കൊടുവില്‍ കാമുകീ കാമുകന്മാര്‍ പിറ്റേന്ന് തന്നെ രജിസ്റ്റര്‍ വിവാഹം ചെയ്തു. വരന് നഷ്ടപരിഹാരം നല്‍കാനും ധാരണയായി.
മാസങ്ങള്‍ക്ക് മുമ്പ് നായരമ്പലം സ്വദേശി യുവാവ് പെണ്ണുകാണാനെത്തിയിരുന്നു. ഇടയ്ക്കുവച്ച് വധുവിന്റെ വീട്ടുകാര്‍ പിന്‍മാറിയെങ്കിലും ഇരുവരും അടുപ്പത്തിലായി. ഇതിനിടെയാണ് വിദേശത്ത് ജോലി ചെയ്യുന്ന മാള അന്നമ്മനട സ്വദേശിയായ യുവാവിന്റെ ആലോചന വന്നതും ഉറപ്പിച്ചതും.
തനിക്ക് ഈ വിവാഹം വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും വീട്ടുകാര്‍ ഗൗനിച്ചില്ലെന്ന് വധു പൊലീസിനോട് പറയുകയായിരുന്നു. നായരമ്പലം സ്വദേശിയായ യുവാവിനെയും പിതാവിനെയും സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയപ്പോള്‍ വിവാഹത്തിന് തയ്യാറാണെന്ന് ഇവര്‍ സമ്മതിച്ചു. ഇതു പ്രകാരം ഇന്നലെ പറവൂര്‍ രജിസ്റ്റര്‍ ഓഫീസില്‍ വിവാഹവും നടന്നു.
Post Your Comments