മുംബൈ: സൂപ്പർ താരം രജനീകാന്ത് കേന്ദ്ര കഥാപാത്രമാകുന്ന ‘ജയിലർ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് യുവനടിയെ പറ്റിച്ച് പണം തട്ടിയെടുത്തവർക്കെതിരേ പോലീസ് കേസെടുത്തു. മുംബൈ മോഡലും നടിയുമായ സന്ന സൂരിയാണ് തട്ടിപ്പിന് ഇരയായത്. നടിയിൽ നിന്നും എട്ടര ലക്ഷം രൂപയും സംഘം തട്ടിയെടുത്തു. സന്നയുടെ പരാതിയിൽ പീയുഷ് ജയ്ൻ, സമീർ ജയ്ൻ എന്നിവർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്.
കാസ്റ്റിംഗ് ഡയറക്ടർ എന്ന് പറഞ്ഞ് ഇവർ തന്നെ സമീപിച്ചുവെന്നും പിന്നീടാണ് പറ്റിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയതെന്നും സന്ന സൂരി നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് പ്രതികളായ പീയുഷ് ജയ്നും സമീർ ജയ്നും സമൂഹ മാധ്യമങ്ങൾ വഴി സന്നയുമായി ബന്ധപ്പെടുന്നത്.
രജനീകാന്ത് ചിത്രം ജയിലറിൽ നല്ലൊരു വേഷം ഉണ്ടെന്നും ഒഡിഷനായി തയ്യാറാകണമെന്നും അതിനായി പോലീസ് വേഷത്തിലൊരു ഫോട്ടോ അയച്ചു തരണം എന്നും ആവശ്യപ്പെട്ടു. ഷൂട്ടിങ്ങിനായി പാരിസിൽ പോകാനുള്ള ചെലവിനായി എട്ടരലക്ഷം രൂപ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടതനുസരിച്ച്ച് സന്ന തുക അയച്ചു കൊടുത്തു.
തട്ടിപ്പുകാർ നൽകിയ രജനീകാന്തിനൊപ്പം ഉള്ള പോസ്റ്റർ സന്ന സൂരി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ തനിക്ക് പോലീസ് വേഷമാണെന്നും സന്ന അറിയിച്ചു. ജയിലറിന്റെ സഹസംവിധായകൻ ഈ പോസ്റ്റർ കാണുകയും സന്നയെ ബന്ധപ്പെട്ട് ഇത് വ്യാജമാണെന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് സന്ന മനസിലാക്കിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Post Your Comments