
ചെന്നൈ : കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ സൂപ്പർസ്റ്റാർ രജനീകാന്തിനെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് ഇൻ്റർവ്യൂ ചെയ്ത് മാധ്യമങ്ങൾ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന തന്റെ വരാനിരിക്കുന്ന ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
സത്യരാജ്, ശ്രുതി ഹാസൻ, നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ തുടങ്ങിയ പ്രമുഖ അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ലും രജനീകാന്ത് അഭിനയിക്കുന്നുണ്ട്. തുടർഭാഗത്തിന്റെ ചിത്രീകരണം സുഗമമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പങ്കുവെച്ചു.
മാധ്യമങ്ങളുമായി നടത്തിയ ഹ്രസ്വമായ കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതാവ് കുമാരി ആനന്ദന്റെ വിയോഗത്തിൽ രജനീകാന്ത് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം സത്യസന്ധനായ ഒരു മനുഷ്യനായിരുന്നെന്ന് രജനികാന്ത് പറഞ്ഞു.
അതേ സമയം അധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് തൃഷ, അർജുൻ ദാസ്, പ്രസന്ന എന്നിവർ അഭിനയിച്ച അജിത്തിന്റെ പുതിയ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ രജനീകാന്ത് മുഴുവൻ സിനിമാ സംഘത്തിനും ആശംസകൾ നേർന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.
Post Your Comments