മുളക്കുഴ: അങ്കണവാടിയ്ക്ക് സമീപം സെപ്ടിക് ടാങ്കിനായി നാളുകൾക്ക് മുമ്പ് കുഴിച്ച കുഴി മൂടാത്തതിനാല്‍ രക്ഷിതാക്കള്‍ ആശങ്കയില്‍. ഈ കുഴിയിൽ ഇപ്പോഴും വെള്ളം നിറഞ്ഞ് കിടക്കുകയാണ്. മുളക്കുഴ പഞ്ചായത്തിലെ മൂന്നാം വാർഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് സമീപമാണ് ഏറെ അപകട സാധ്യതയുള്ള കുഴി സ്ഥിതി ചെയ്യുന്നത്. 20 കുട്ടികളാണ് ഇതിന് സമീപത്തെ അങ്കണവാടിയിൽ പഠിക്കുന്നത്.
Read Also : തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം
ഏറെ അപകട സാധ്യതയുള്ള ഈ കുഴി മൂടാൻ അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. എം. സി. റോഡിൽ മുളക്കുഴ കാണിക്കാ മണ്ഡപം ജങ്ഷനിൽ നിന്നും 40 മീറ്റർ അകലെയുള്ള സാംസ്കാരിക നിലയത്തിന്‍റെ കെട്ടിടത്തിലാണ് അങ്കണവാടിയുടെ പ്രവർത്തനം.
അതേസമയം, അങ്കണവാടി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ശൗചാലയത്തിന്‍റെ പണികളും പാതിവഴിയിലാണ്. 20 കുട്ടികൾക്ക് പുറമെ രണ്ട് ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഇവിടെ സൗകര്യമില്ല. പണികൾ ഉടൻ പൂർത്തിയാക്കി നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും ഏറെ നാളായിട്ടും നടപടിയായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.
Post Your Comments