അടൂർ: കറ്റാനത്തുള്ള ഒരു സ്കൂളിൽ പ്യൂണിന്റെ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാക്കുനൽകി മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ അച്ചൂതാലയം വീട്ടിൽ ദിനേശ് കുമാറാ(49)ണ് അറസ്റ്റിലായത്. അടൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
2020 മാർച്ച് 21-നാണ് കേസിന് ആസ്പദമായ സംഭവം. അടൂർ പെരിങ്ങനാട് പഴകുളം കിഴക്ക് ചാല സുനിൽ ഭവനം വീട്ടിൽ മനോജ് ആനന്ദന്റെ ഭാര്യ അർച്ചന വിജയന്റെ പരാതിയിലാണ് നടപടി. ചെക്ക് ഉപയോഗിച്ച് മൂന്നരലക്ഷം രൂപ കറ്റാനത്തെ എസ്ബിഐ ശാഖയിലെ ഇയാളുടെ അക്കൗണ്ട് മുഖേന മാറിയെടുത്തിരുന്നു. എന്നാൽ, ഇയാൾ ജോലി സംഘടിപ്പിച്ചു നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല. അർച്ചനയുടെ മൊഴിപ്രകാരം അന്നത്തെ എസ്ഐ സജി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also : ‘ലുലു ഓൺ സെയിൽ’ ഇന്ന് സമാപിക്കും, ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ അവസരം
പ്രതിക്കായുള്ള അന്വേഷണം തുടർന്ന പൊലീസ് സംഘം ഇന്നലെ രാവിലെ 10.30നു കട്ടച്ചിറയിൽ വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർ മനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments