തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേർ ഒന്നാം ഡോസ് വാക്സിനും, 88.55 % പേർ രണ്ടാം ഡോസ് വാക്സിനും, മുന്നണി പോരാളികളിൽ 19.30 % പേർ കരുതൽ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി. കേന്ദ്ര സർക്കാരിൻ്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ആരംഭിക്കും. വ്യാപനശേഷി കൂടുതലുള്ള വകഭേദം മറ്റ് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാനും നിർദേശം നൽകി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കി. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വീണാ ജോർജ് പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായോയെന്ന് സംസ്ഥാന തലത്തിൽ പരിശോധിക്കും. പുതിയ വകഭേദങ്ങൾ ഉണ്ടായോ എന്നറിയാൻ പരിശോധന കൂടുതൽ ആയി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments