ഡിജിറ്റൽ ഡാറ്റ സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഐടി മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, 2023 ജനുവരി രണ്ട് വരെയാണ് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കുക. ചില മേഖലകളിൽ നിന്നുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് സമയപരിധി ദീർഘിപ്പിച്ചത്. മുൻപ് ഡിസംബർ 17 വരെയാണ് അഭിപ്രായം അറിയിക്കാനുള്ള കാലാവധി നിശ്ചയിച്ചിരുന്നത്.
ഡിജിറ്റൽ ഡാറ്റ സംരക്ഷണ ബിൽ 2022- ന്റെ കരട് കഴിഞ്ഞ നവംബറിലാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾക്ക് പൂർണ സംരക്ഷണമാണ് ഇതിലൂടെ ഉറപ്പുവരുത്തുക. ഉപഭോക്താക്കളുടെ ഡിജിറ്റൈസ് ഡാറ്റ സംരക്ഷിക്കുക,
ഡാറ്റ ഇക്കോണമിയുടെ ഭാഗമായ സ്റ്റാർട്ടപ്പ്/ ഇന്നവേഷൻ കമ്പനി എന്നിവയ്ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരിക, സർക്കാരിന്റെ അന്വേഷണ ഏജൻസികൾക്കും നിയമപാലകർക്കും അത്യാവശ്യ ഘട്ടങ്ങളിൽ വ്യക്തിഗത വിവരം പരിശോധിക്കാനുള്ള മാർഗ്ഗനിർദ്ദേശം നൽകുക തുടങ്ങിയ പ്രധാന മൂന്ന് ലക്ഷ്യങ്ങളാണ് ഈ ബില്ലിന് ഉള്ളത്.
ഐടി മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 500 കോടി രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥ കരടു ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2019- ൽ പുറത്തിറക്കിയ കരടുരേഖ അനുസരിച്ച്, വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയുള്ള പിഴ 15 കോടിയോ, സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവിന്റെ 4 ശതമാനമോ എന്നായിരുന്നു.
Post Your Comments