കണ്ണൂർ: ഇരിട്ടി കൂട്ടുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട. ഉളിയിൽ സ്വദേശികളായ ജസീർ, ഷമീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെ 300 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഇവർ പിടിയിലായത്. ഇരിട്ടി സിഐ കെ.ജെ.ബിനോയിയും റൂറൽ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്.
കണ്ണൂർ റൂറൽ പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പൊലീസും ചേർന്ന് സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ബംഗളൂരുവിൽ നിന്നു മാരക മയക്കുമരുന്നായ എംഡിഎംഎ വാങ്ങി കണ്ണൂരിലേക്കും പരിസരപ്രദേശങ്ങളിലേക്കും വില്പനക്കായി കൊണ്ടുവരുന്നവരാണ് പിടിയിലായത്.
വിപണിയിൽ 10 ലക്ഷത്തോളം വില വരുന്ന 300 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കണ്ണൂർ ജില്ലയിലെ എംഡിഎംഎ യുടെ മൊത്തവിതരണക്കാരിൽ പ്രധാനിയാണ് പിടിയിലായ ജാസീർ.
ഇരുവരും ചേർന്ന് ബംഗളൂരുവിലുള്ള നൈജീരിയക്കാരിൽ നിന്ന് എംഡിഎംഎ നേരിട്ട് വാങ്ങി ജില്ലയിൽ വിതരണം ചെയ്തുവരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന്, ഒരുമാസത്തോളമായി പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇരുവരും. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments