
മലപ്പുറം: പ്രസവ വേദന വന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. മലപ്പുറത്ത് വീട്ടിൽ വച്ച് പ്രസവം നടന്ന യുവതി മരിച്ചു. ചട്ടിപ്പറമ്പിൽ സ്വദേശിനി അസ്മയാണ് തന്റെ അഞ്ചാമത്തെ പ്രസവത്തിൽ മരിച്ചത്. പ്രസവത്തെത്തുടർന്ന് അസ്മ മരിച്ചതിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയെങ്കിലും പോലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പരാതിയുമായി യുവതിയുടെ വീട്ടുകാർ രംഗത്തെത്തിയതോടെയാണ് പോലീസ് ഇടപെട്ടത്.കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം ചട്ടിപ്പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് അസ്മയുടെ മൃതദേഹം ഭര്‍ത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ആലപ്പുഴ സ്വദേശിയായ സിറാജ്ജുദ്ദീൻ മലപ്പുറം ചട്ടിപ്പറമ്പിൽ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ചുവരുകയാണ്. അയൽക്കാരുമായി സിറാജുദ്ദീൻ അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല.ഇന്നലെ രാത്രിയോടെയാണ് സംഭവം. അസ്മയുടെ വീടാണ് പെരുമ്പാവൂരിലുള്ളത്. ഇവിടെ അസ്മയുടെ മൃതദേഹം കൊണ്ടുവന്ന് സംസ്കരിക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് യുവതിയുടെ വീട്ടുകാരും നാട്ടുകാരുമടക്കം ഇടപെട്ടത്.
Post Your Comments