
തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി നേതാവ് ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം, അബ്ദുറഹ്മാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന വിവാദ പരാമര്‍ശം നടത്തിയ ഫാ. ഡിക്രൂസിനിതിരെ വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാന്‍ നടക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞതിന് മറുപടിയായാണ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് വിവാദമായ തീവ്രവാദി പരാമര്‍ശം നടത്തിയത്.
പരാമര്‍ശം വികാര വിക്ഷോഭത്തില്‍ നിന്ന് ഉണ്ടായ നാക്ക് പിഴവാണെന്ന് ഫാ. തിയോഡേഷ്യസ് ബുധനാഴ്ച വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ട ഈയവസരത്തില്‍ തന്റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രശ്‌നം അവസാനിപ്പിക്കണം എന്നും സമര സമിതിയും രൂപതയും അഭ്യര്‍ത്ഥിച്ചിരുന്നു.
Post Your Comments