രാജ്യത്തെ മൂന്ന് കമ്പനികളുടെ ഓഹരികൾ വിൽക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളടക്കം മൂന്ന് കമ്പനികളുടെ ഓഹരികളാണ് വിൽക്കുക. റിപ്പോർട്ടുകൾ പ്രകാരം, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ സിങ്ക്, രാഷ്ട്രീയ കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് വിൽക്കുക. നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തോടെ പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാറിന്റെ പുതിയ നീക്കം. ഈ കമ്പനികളുടെ 5 ശതമാനം മുതൽ 10 ശതമാനം വരെയുളള ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ കണക്കുകൾ പ്രകാരം, കോൾ ഇന്ത്യയിൽ കേന്ദ്രസർക്കാറിന്റെ ഓഹരികൾ 66.13 ശതമാനമാണ്. കൂടാതെ, ഹിന്ദുസ്ഥാൻ സിങ്കിലെ 29.58 ശതമാനം ഓഹരികളും, രാഷ്ട്രീയ കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്സിലെ 75 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റേതാണ്. മൂന്ന് സ്ഥാപനങ്ങളുടെയും ഓഹരി വിൽപ്പനയിലൂടെ ഏകദേശം 16,500 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ, വിൽപ്പനയുമായി ബന്ധപ്പെട്ട ഔദ്യോഗിക തീയതികളും മറ്റു വിവരങ്ങളും കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല.
Post Your Comments