ന്യൂഡല്‍ഹി: മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച് രാജ്യതലസ്ഥാനത്ത് നടന്ന ശ്രദ്ധാ മോഡല്‍ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിതാവിനെ കൊന്ന് പത്ത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയായിരുന്നു ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്ന് ഡല്‍ഹി ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. അമ്മ പൂനം, മകന്‍ ദീപക് എന്നിവരാണ് കേസിലെ പ്രതികള്‍. അഞ്ജന്‍ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്.
കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിക്ക് സമീപം പാണ്ഡവ് നഗറിലാണ് സംഭവം നടന്നത്. പൂനം രണ്ടാമാതായി വിവാഹം കഴിച്ചയാളാണ് കൊല്ലപ്പെട്ട അഞ്ജന്‍ ദാസ്. ആദ്യ ഭര്‍ത്താവില്‍ ജനിച്ച മകനാണ് ദീപക്. 2016ലാണ് പൂനത്തിന്റെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് 2017ല്‍ അഞ്ജന്‍ ദാസിനെ വിവാഹം ചെയ്തു.
അമ്മയും മകനും ചേര്‍ന്ന് അഞ്ജന്‍ ദാസിനെ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം പത്ത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി വീട്ടിലെ ഫ്രഡ്ജില്‍ സൂക്ഷിച്ചു. പിടിക്കപ്പെട്ടതോടെ പ്രതികള്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.
മെയ് 30നായിരുന്നു കൊലപാതകം. അഞ്ജന്‍ ദാസിന് ഉറക്കഗുളിക കലര്‍ത്തിയ മദ്യം നല്‍കി മയക്കി കിടത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഒരു ദിവസം മുഴുവനും മൃതദേഹം അങ്ങനെ സൂക്ഷിച്ചു. രക്തം മുഴുവന്‍ വാര്‍ന്നുപോകാനാണ് ഇപ്രകാരം ചെയ്തത്. അതിന് ശേഷം പത്ത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി. പിന്നീട് പല ദിവസങ്ങളിലായി ഡല്‍ഹിയിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൊല്ലപ്പെട്ടയാളുടെ ശരീരഭാഗങ്ങളില്‍ ആറ് കഷ്ണങ്ങള്‍ പോലീസ് ഇതിനോടകം കണ്ടെടുത്തു കഴിഞ്ഞു. ജൂണ്‍ അഞ്ചിനായിരുന്നു രാംലീല മൈതാനത്തിന് സമീപത്ത് നിന്നും ചില ശരീരഭാഗങ്ങള്‍ ആദ്യമായി പോലീസിന് ലഭിച്ചത്. മൂന്ന് ദിവസത്തിന് ശേഷം രണ്ട് കാലുകളും തുടകളും തലയോട്ടിയും മറ്റൊരിടത്ത് നിന്ന് കണ്ടെത്തി. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചില കുടുംബപ്രശ്നങ്ങളാണ് അഞ്ജന്‍ ദാസിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Post Your Comments