ഭോപ്പാൽ: പ്രായപൂർത്തിയായ രണ്ട് സ്ത്രീകൾ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ തടയാനാകില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. 22 കാരിയായ യുവതിക്കൊപ്പം വീട്ടിൽ നിന്ന് ഒളിച്ചോടിയ 18 കാരിയുടെ പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം. പരസ്പരം ഇഷ്ട്ടപ്പെട്ടു ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ഇരുവരേയും തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള 18 കാരിയും 22 കാരിയും ചെറുപ്രായം മുതൽ ഒരുമിച്ചാണ് വളർന്നതും പഠിച്ചതും. വർഷങ്ങൾ പിന്നിട്ടപ്പോൾ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ ഇരുവരുടേയും വീട്ടുകാർ എതിർത്തു. പിന്നാലെ ഇരുവരും വീട് വിട്ടിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
മകളെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് 18കാരിയുടെ പിതാവ് കഴിഞ്ഞ മാസമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തിരികെ വീട്ടിലേക്ക് മടങ്ങിവരണമെന്ന് കുട്ടിയോട് പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുട്ടി അതിന് തയ്യാറായില്ല. പിതാവിന്റെ ഹർജി സ്വീകരിച്ച ഹൈക്കോടതി പെൺകുട്ടിയോട് നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശിച്ച് നോട്ടീസ് അയച്ചു.
പിന്നാലെ പെൺകുട്ടി കോടതിയിൽ ഹാജരായപ്പോൾ തീരുമാനമെടുക്കാൻ കോടതി ഒരു മണിക്കൂർ സമയം അനുവദിച്ചു. എന്നാൽ, സുഹൃത്തിനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് പെൺകുട്ടി കോടതിയോട് അഭ്യർത്ഥിക്കുകയായിരുന്നു. പിന്നാലെയാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
Post Your Comments