KeralaLatest NewsNews

കുടിവെള്ളം മലിനം : വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് സ്ഥാപിച്ച കമ്പനി 72,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി

ന്യൂനതയും ഗുണനിലവാരവും ഇല്ലാത്തതുമായ വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻ്റ് നൽകി എതിർകക്ഷി കബളിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരൻ ബോധിപ്പിച്ചത്

കൊച്ചി : നൂറു ശതമാനവും ശുദ്ധമായ കുടിവെള്ളം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് 57,000/- രൂപയ്ക്കുള്ള ഉള്ള വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് നൽകിയ കമ്പനി ഉപഭോക്താവിനെ കബളിപ്പിക്കുകയായിരുന്നുവെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പെരുമ്പാവൂർ കുറുപ്പുംപ്പടി സ്വദേശി വൈശാഖ് റോമിയോ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഡുഭെ റിചൂസ് (Dubhe Richus) എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ്റെ ഉത്തരവ്.

ഒരു വർഷം ഗ്യാരന്റിയും അഞ്ചുവർഷത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്തു. പ്ലാൻ്റ് സ്ഥാപിച്ചതിനുശേഷം ലഭിച്ച വെള്ളത്തിന് രൂക്ഷമായ ദുർഗന്ധവും മഞ്ഞ നിറവും ആയിരുന്നു. ഇക്കാര്യം എതിർ കക്ഷി സ്ഥാപനത്തെ അറിയിച്ചുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. കേരള വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ ടെസ്റ്റിംഗ് ലാബിൽ വെള്ളം പരിശോധിക്കുന്നതിന് പരാതിക്കാരൻ നൽകി.

ലഭിച്ച പരിശോധന ഫലം ഞെട്ടിക്കുന്നതായിരുന്നു. കോളി ഫോം ,ഇകോളി തുടങ്ങിയ ബാക്റ്റീരിയകളുടെ സാന്നിധ്യം വെള്ളത്തിൽ ഉണ്ടായിരുന്നുവെന്നും കുടിക്കാൻ പറ്റാത്ത അത്ര മലിനജലമാണിതെന്നുമായിരുന്നു പരിശോധനാ ഫലം. ന്യൂനതയും ഗുണനിലവാരവും ഇല്ലാത്തതുമായ വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻ്റ് നൽകി എതിർകക്ഷി കബളിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരൻ ബോധിപ്പിച്ചത്.

വാറന്റി നിബന്ധനകളും എതിർകക്ഷി ലംഘിച്ചു. ഈ സാഹചര്യത്തിൽ പ്ലാന്റിന്റെ വില മടക്കി നൽകണമെന്നും നഷ്ടപരിഹാരവും ചെലവും നൽകണമെന്നും ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്. ശുദ്ധവും സുരക്ഷിതമായ കുടിവെള്ളം ലഭിക്കുക എന്നത് പൗരന്റെ മൗലികാവകാശമാണ്. വാഗ്ദാനം ചെയ്തതിന് വിരുദ്ധമായി ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നമാണ് വിറ്റത്.  ഇത് ഉപഭോക്താവിന്റെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന അധാർമ്മികമായ വ്യാപാര രീതിയാണ് എതിർകക്ഷി അവലംബിച്ചതെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് നിരീക്ഷിച്ചു.

ഉൽപ്പനത്തിന്റെ വിലയായ 57,000/- രൂപ എതിർകക്ഷി പരാതിക്കാരന് നൽകണം. കൂടാതെ 10,000/- രൂപ നഷ്ടപരിഹാരവും 5000/- രൂപ ചെലവും 45 ദിവസത്തിനകം നൽകണമെന്നും കോടതി വിധിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button