തിരുവനന്തപുരം: വാർത്താ സമ്മേളനത്തിൽ നിന്നും മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഭരണാധികാരിയുടെ മടിയിൽ കയറിയിരുന്ന് അവരെ സുഖിപ്പിച്ച് മാത്രം സംസാരിക്കുന്ന ഗോദി മീഡിയായി കേരളത്തിലെ മാധ്യമങ്ങളെയും മാറ്റാനാണ് ഗവർണറുടെ ശ്രമമെന്നും അതിന് വഴങ്ങികൊടുത്തില്ലെങ്കിൽ പുറത്താക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയതെന്നും സിപിഎം പ്രസ്‌താവനയിൽ പറഞ്ഞു.
നേരത്തെ അനുവാദം വാങ്ങി വാർത്ത സമ്മേളനത്തിന് എത്തിയ മാധ്യമ പ്രവർത്തകരേയാണ് ഗവർണർ പുറത്താക്കിയെന്നത് അത്യന്തം ഗൗരവകരമാണ്. ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റമാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലും കേട്ടുകേൾവിയില്ലാത്ത നടപടിയാണ് ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഗവർണറുടെ ഈ നപടി സത്യപ്രതിജ്ഞാ ലംഘനവും, ഭരണഘടനാ ലംഘനവും കൂടിയാണ്. ഭരണഘടനയിലെ 19(1) (എ) വകുപ്പ് ഉറപ്പ് നൽകുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെയാണ് അത് സംരക്ഷിക്കാൻ ചുമതലപ്പെട്ട ഗവർണർ തന്നെ ചവിട്ടിമെതിച്ചത്.
മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകൻ അറസ്റ്റിൽ
സ്റ്റേറ്റ് പൗരനോട് വിവേചനം കാട്ടരുത് എന്ന് വിഭാവനം ചെയ്യുന്ന ഭരണഘടനയുള്ള രാജ്യത്താണ് ഗവർണർ തന്നെ അത് ലംഘിക്കാൻ തയ്യാറായിട്ടുള്ളത്. ജനാധിപത്യത്തോടും, തുറന്ന സംവാദത്താടും താൽപര്യമില്ലാത്ത ഗവർണർ താൻ പറയുന്നത് മാത്രം കേട്ടാൽ മതിയെന്ന ധർഷ്ട്യമാണ് പ്രകടിപ്പിച്ചത്. കേരളത്തേയും, മലയാളികളേയും തുടർച്ചയായി അപമാനിച്ച് ഫെഡറൽ മൂല്യങ്ങളെ അല്പം പോലും അംഗീകരിക്കാത്ത നിലയിലുള്ള നടപടികളാണ് ഗവർണറിൽ നിന്നും തുടർച്ചയായി ഉണ്ടായിട്ടുള്ളത്.
ആദ്യം മലയാളം മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ മലയാളം ഭാഷയെയും, സംസ്‌ക്കാരത്തെയും തുടർച്ചയായി അപമാനിക്കുകയാണ്. പിന്നീട് പാർട്ടി കേഡർമാരായ മാധ്യമപ്രവർത്തകരോട് സംസാരിക്കില്ലെന്ന് പറഞ്ഞ് ഗവർണർ ആർ.എസ്.എസ് കേഡറായി പ്രവർത്തിക്കുകയായിരുന്നു.ഗവർണറുടെ ജനാധിപത്യവിരുദ്ധവും എകാധിപത്യപരവുമായ ഈ നടപടികൾക്കെതിരെ പുരോഗമന ജനാധിപത്യ കേരളം പ്രതിഷേധമാണുയർത്തിയത്.
മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റത്തിനെതിരെ മാധ്യമങ്ങളിൽ നിന്ന് തന്നെ കടുത്ത പ്രതിഷേധം ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ വ്യക്തമാക്കി.
Post Your Comments