തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി തുഷാർ വെള്ളാപ്പള്ളി. നാല് എം.എല്‍.എ മാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണം തുഷാർ തള്ളികളഞ്ഞു. താൻ എംഎല്‍എമാരുമായി സംസാരിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. എട്ട് സംസ്ഥാനങ്ങളിലെ എം.എൽ.എമാരെ കൂറുമാറ്റാൻ അമിത്ഷായുടെ നോമിനിയായി തുഷാർ വെള്ളാപ്പള്ളി ശ്രമിച്ചുവെന്നായിരുന്നു കെ. ചന്ദ്രശേഖര റാവു ഉന്നയിച്ച ആരോപണം.
എം.എൽ.എമാർക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതെന്നും നിര്‍ണായക തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും കെസിആർ വാര്‍ത്താ സമ്മേളത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച് തുഷാർ രംഗത്തെത്തിയത്. തെളിവുകൾ ഉണ്ടെങ്കിൽ കൊണ്ട് വരട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. എന്നാൽ എംഎൽഎമാരെ സ്വാധീനിക്കാൻ നടത്തുന്ന ദൃശ്യങ്ങളും ടെലഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖകളും വാർത്താ സമ്മേളനത്തിൽ തെളിവായി കെസിആർ ഉയർത്തിക്കാട്ടിയിരുന്നു.
തെലങ്കാനയ്ക്കു പുറമെ, ആന്ധ്രപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെയും അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച കെസിആർ, എംഎൽഎമാരെ സ്വാധീനിക്കാൻ ഏജന്റുമാർ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് ആ വീഡിയോയിൽ ഏജൻറുമാർ പറയുന്നുണ്ട്. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണെന്നും ആരോപിക്കുന്നുണ്ട്. ഇക്കാര്യം ഏജൻറുമാർ ടിആർഎസ് എംഎൽഎമാരോട് വെളിപ്പെടുത്തുന്ന വീഡിയോ തെളിവായി കെസിആർ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇതിൽ തുഷാറിന്റെ പേര് എങ്ങനെ വന്നു എന്ന് വ്യക്തമല്ല.
Post Your Comments