സിഡ്നി: ടി20 ലോകകപ്പിലെ സൂപ്പർ-12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ ഓസ്ട്രേലിയ ശക്തരായ ന്യൂസിലൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. പരിക്കേറ്റ വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസിന് പകരം ഓസ്ട്രേലിയ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സിഡ്നിയിലെ കാലാവസ്ഥ ഓസ്ട്രേലിയ-ന്യൂസിലൻഡ് മത്സരത്തിന് തിരിച്ചടിയായേക്കുമെന്ന് സൂചനയുണ്ട്.
ഓസ്ട്രലിയയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി തകർത്ത് മഴ പെയ്യുകയാണ്. മഴമൂലം ഗാബയിലെ ഇന്ത്യ-ന്യൂസിലന്‍ഡ് സന്നാഹ മത്സരം ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാന്‍-അഫ്‌ഗാനിസ്ഥാന്‍ മത്സരവും മഴ കാരണം നടത്താനായില്ല. ലോകകപ്പ് പുരോഗമിക്കുന്നതിന് അനുസരിച്ച് ഓസീസ് മണ്ണിലെ കാലാവസ്ഥ മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇന്നത്തെ ഓസീസ്-കിവീസ് മത്സരത്തിന് മഴ ഭീഷണിയുണ്ട്.
സിഡ്നിയില്‍ രാവിലെയും ഉച്ചതിരിഞ്ഞും മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. വൈകിട്ട് 21 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. വൈകിട്ട് മഴ മേഘങ്ങള്‍ മൂടിയ ആകാശവും പ്രതീക്ഷിക്കുന്നു. സിഡ്‌നിയിലെ പിച്ച് ബാറ്റിംഗിന് അനുകൂലമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പേസും ബൗണ്‍സും ബാറ്റ്സ്മാൻമാരെ തേടിയെത്താം. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 170-180 റണ്‍സ് സ്കോര്‍ ചെയ്‌തേക്കും എന്നാണ് സൂചനകള്‍.
ഇംഗ്ലണ്ടിനെതിരെ പരമ്പര തോറ്റ ഓസ്ട്രേലിയ സന്നാഹ മത്സരത്തിൽ ഇന്ത്യയോടും തോല്‍വി ഏറ്റുവാങ്ങിയാണ് ലോകകപ്പിനൊരുങ്ങുന്നത്. ന്യൂസിലൻഡ് സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചപ്പോൾ ഇന്ത്യക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇന്നത്തെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടും. പെർത്തിൽ വൈകീട്ട് 4.30നാണ് മത്സരം.
ഓസ്ട്രേലിയൻ ടീം: ആഷ്‌ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), ജോഷ് ഹേസല്‍വുഡ്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ല്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ വെയ്‌ഡ്(വിക്കറ്റ് കീപ്പര്‍), ഡേവിഡ് വാര്‍ണര്‍.
ന്യൂസിലന്‍ഡ് ടീം: കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടിം സൗത്തി, ഇഷ് സോഥി, മിച്ചല്‍ സാന്‍റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ്, ജിമ്മി നീഷാം, ഡാരില്‍ മിച്ചല്‍, ആദം മില്‍നെ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ലോക്കീ ഫെര്‍ഗൂസന്‍, ദേവോണ്‍ കോണ്‍വേ, മാര്‍ക് ചാപ്‌മാന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ട്രെന്‍റ് ബോള്‍ട്ട്, ഫിന്‍ അലന്‍.
Post Your Comments