മെല്‍ബണ്‍: ടി20 ലോകകപ്പിൽ ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഇപ്പോഴിതാ, പാകിസ്ഥാനെതിരായ മത്സരത്തിൽ ബുമ്രയുടെ പകരക്കാരനായി അവസാന നിമിഷം സ്‌ക്വാഡിലെത്തിയ മുഹമ്മദ് ഷമി കളിക്കുമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ.
പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. സന്നാഹ മത്സരത്തിനിടെ കാലില്‍ ബാന്‍ഡേജ് കെട്ടിയിരിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ റിഷഭ് പന്തിന്‍റെ ദൃശ്യങ്ങള്‍ ആശങ്ക പടര്‍ത്തിയിരുന്നു. എന്നാല്‍, സ്ക്വാഡിലെ 15 താരങ്ങളും പാകിസ്ഥാനെതിരായ മത്സരത്തിനുള്ള സെലക്ഷന് തയ്യാറാണ് എന്നാണ് രോഹിത്തിന്‍റെ വാക്കുകള്‍.
‘കളത്തിലിറങ്ങാന്‍ മുഹമ്മദ് ഷമി തയ്യാറാണ്. അദ്ദേഹം ഇന്ന് പരിശീലനം നടത്തുന്നത് കാണാം. ഷമി വളരെ പരിചയ സമ്പന്നനാണ്. ബുമ്രക്ക് ഏറ്റവും ഉചിതമായ പകരക്കാരനും. കാലാവസ്ഥ ഓരോ നിമിഷത്തിലും മാറുന്നതിനാല്‍ പ്ലേയിംഗ് ഇലവനെ നാളെ രാവിലെ മത്സരത്തിന് തൊട്ടുമുമ്പേ തീരുമാനിക്കുകയുള്ളൂ. അവസാന നിമിഷം വരെ കാത്തിരിക്കും. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയുണ്ട്’ രോഹിത് ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ദ്ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി.
Post Your Comments