Latest NewsKeralaCinemaMollywoodNewsEntertainment

മാധ്യമപ്രവർത്തകയെ അസഭ്യം പറഞ്ഞ സംഭവം: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

കൊച്ചി: ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷനെത്തിയപ്പോൾ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തു. മരട് പോലീസ് ആണ് ഭാസിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടനെതിരെ മാധ്യമ പ്രവർത്തകയുടെ പരാതി.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തിങ്കളാഴ്ച പ്രാഥമിക മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. പരാതിക്കാരിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും ശേഖരിക്കും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും. അതുകൊണ്ടുതന്നെ ഈ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും.

പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. അവതാരക നൽകിയ പരാതിയിലാണ് നടനെതിരെ കേസെടുത്തത്. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്. എന്നാൽ, താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ പ്രതികരണം. പ്രകോപിതനായി സംസാരിച്ചതിൽ നടൻ കഴിഞ്ഞ ദിവസം മാപ്പ് ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button