ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. ഇന്ന് ലങ്കയെയും സൂപ്പർ ഫോറിലെ അടുത്ത മത്സരത്തിൽ അഫ്ഗാനിസ്ഥാനേയും തോൽപിച്ചാലേ ഇന്ത്യയ്ക്ക് ഫൈനൽ ബർത്തുറപ്പിക്കാൻ കഴിയൂ.
വിരാട് കോഹ്ലിയടക്കമുള്ള ഇന്ത്യയുടെ മുൻനിര ഫോമിലേക്ക് എത്തിയപ്പോൾ ബൗളിംഗിലാണ് ഇന്ത്യയുടെ ആശങ്ക. മൂന്ന് പേസർ, ഒരു സ്പിന്നർ, രണ്ട് ഓൾറൗണ്ടർ കോമ്പിനേഷനിലേക്ക് ഇന്ത്യ തിരിച്ചുപോകാനാണ് സാധ്യത. അങ്ങനെയെങ്കിൽ പാകിസ്ഥാനെതിരെ നന്നായി പന്തെറിഞ്ഞെങ്കിലും രവി ബിഷ്ണോയിക്ക് പകരം അക്സർ പട്ടേൽ ടീമിലെത്തും. റിഷഭ് പന്തിന് പകരം ദിനേശ് കാർത്തിക്കും പരിഗണനയിലുണ്ട്.
ഇന്ത്യയ്‌ക്കെതിരെ മധ്യ ഓവറുകളിൽ പാക് സ്പിന്നർമാർ പുറത്തെടുത്ത പ്രകടനം വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരിലൂടെ ആവർത്തിക്കാമെന്നാണ് ലങ്കൻ പ്രതീക്ഷ. അഫ്ഗാനെ തോൽപിച്ച ആത്മവിശ്വാസവും ലങ്കയ്ക്കുണ്ട്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടുന്നവർ ഇന്ന് ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
Read Also:- മനുഷ്യർക്ക് സന്ദർശനം അസാധ്യമായ അഞ്ച് സ്ഥലങ്ങൾ!
സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പാകിസ്ഥാന്‍ പരാജയപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ 181 റണ്‍സ് പാകിസ്ഥാന്‍ അഞ്ച് വിക്കറ്റും ഒരു പന്തും ബാക്കിനില്‍ക്കേ ജയത്തിലെത്തി. 20 പന്തില്‍ 42 റണ്‍സും ഒരു വിക്കറ്റും മൂന്ന് ക്യാച്ചുമായി തിളങ്ങിയ മുഹമ്മദ് നവാസും 51 പന്തില്‍ 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനും പാക് ജയത്തില്‍ നിര്‍ണായകമായി.
Post Your Comments