തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ, നാട്ടിലേക്ക് മടങ്ങും മുമ്പ് ആശ്വാസജയമാണ് ലങ്കയുടെ ലക്ഷ്യം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇന്ത്യയുടെ ഭാഗ്യ വേദികളിലൊന്നാണ്. നാല് മത്സരങ്ങളിൽ മൂന്നിലും ജയിക്കാൻ ഇന്ത്യക്കായിട്ടുണ്ട്.
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടം ഒരു അന്താരാഷ്‍ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. അവസാനം കാര്യവട്ടത്ത് ഇന്ത്യയോട് ഏറ്റുമുട്ടാനെത്തിയത് ദക്ഷിണാഫ്രിക്കയായിരുന്നു. സൂര്യകുമാർ യാദവിന്‍റെയും കെ എൽ രാഹുലിന്‍റേയും അർധ സെഞ്ചുറിയുടെ കരുത്തിൽ ടി20യിൽ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചു.
അതേസമയം, കൊല്‍ക്കത്ത ഏകദിനത്തില്‍ രാഹുല്‍ ഫോമിലേക്ക് എത്തിയത് ടീമിന് കരുത്തുകൂട്ടും. ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ തിരുവനന്തപുരത്ത് കളിക്കുമെന്നാണ് റിപ്പോർട്ട്. മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യ-ശ്രീലങ്ക ടീമുകള്‍ ഇന്നലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ഗ്രീന്‍ഫീല്‍ഡിലെ പിച്ച് ബൗളര്‍മാർക്കാണ് മുൻതൂക്കം നൽകുന്നത്.
ആദ്യ ഓവറുകളില്‍ പേസര്‍മാര്‍ക്ക് സ്വിങ് ലഭിക്കും. പിന്നീട് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകും. ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. എന്നാൽ, തിരുവനന്തപുരം ഏകദിനത്തിൽ കാണികളുടെ പങ്കാളിത്തം കുറവായിരിക്കുമെന്ന് കെസിഎ അറിയിച്ചു. 7000 ടിക്കറ്റ് മാത്രമാണ് ഇതുവരെ വിറ്റതെന്ന് കെസിഎ സെക്രട്ടറി വിനോദ് പറഞ്ഞു.
Post Your Comments