KeralaLatest NewsNews

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം : കണ്ണൂര്‍ സര്‍വകലാശാലയിലെ എല്ലാ പരീക്ഷ സെന്ററിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും  

വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തിയത്

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എല്ലാ പരീക്ഷ സെന്ററിലും നിരീക്ഷകരെ ഏര്‍പ്പെടുത്താന്‍ തീരുമാനം. ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്തും. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക.

അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്തണം. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തിയത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പോലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയിരുന്നു. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി. പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്.

പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ അധികാരം. ഇത് പ്രിന്റൗട്ട് എടുത്ത് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടി. ഇതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button