ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. 67 റണ്‍സിനാണ് ഇന്ത്യ ലങ്കയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ(113) തകർപ്പൻ സെഞ്ചുറി മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സിന് ശ്രീലങ്കൻ ഇന്നിംഗ്സ് അവസാനിച്ചു.
ദശുന്‍ ഷനക (108) സെഞ്ചുറിയുമായി പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ഉമ്രാന്‍ മാലിക്ക് ഇന്ത്യക്ക് മൂന്നും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. ഇന്ത്യ ഉയർത്തിയ 373 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ അവിഷ്‌ക ഫെര്‍ണാണ്ടോ (5), കുശാന്‍ മെന്‍ഡിസ് (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.
മുഹമ്മദ് സിറാജാണ് ഇരുവരേയും പുറത്താക്കിയത്. നാലാമനായി ക്രീസിലെത്തിയ ചരിത് അസലങ്കയും നിരാശപ്പെടുത്തി. ഇതോടെ മൂന്നിന് 64 എന്ന നിലയിലായി ശ്രീലങ്ക. എന്നാല്‍, പതും നിസ്സങ്ക (72), ധനഞ്ജയ ഡിസില്‍വ (47) സഖ്യം ക്രീസിലുറച്ചതോടെ ലങ്ക തകര്‍ച്ചയില്‍ നിന്ന് കരകയറി. ഇരുവരും 72 റണ്‍സാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.
എന്നാല്‍, ധനഞ്ജയ, നിസ്സങ്ക, വാനിന്ദു ഹസരങ്ക (16), ദുനിത് വെല്ലാലഗെ (0), ചാമിക കരുണാരത്‌നെ (14) എന്നിവരുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടമായതോടെ എട്ടിന് 206 എന്ന നിലയിലായി ശ്രീലങ്ക. എന്നാല്‍, കശുന്‍ രജിതയെ (19 പന്തില്‍ 9) കൂട്ടുപ്പിടിച്ച് ഷനക നടത്തിയ പോരാട്ടം ലങ്കയുടെ സ്‌കോര്‍ 300 കടത്തി.
Read Also:- ഷൈൻ ടോം ചാക്കോ-ചെമ്പൻ വിനോദ് കൂട്ടുകെട്ട് വീണ്ടും: ‘ബൂമറാംഗ്’ റിലീസിനൊരുങ്ങുന്നു
ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനെത്തിയ ഇന്ത്യ വിരാട് കോഹ്ലിയുടെ (87 പന്തില്‍ 113) സെഞ്ചുറിയുടെ കരുത്തില്‍ 373 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (67 പന്തില്‍ 83), ശുഭ്മാന്‍ ഗില്‍ (60 പന്തില്‍ 70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കശുന്‍ രജിത മൂന്ന് വിക്കറ്റ് വീഴ്ത്തി.
Post Your Comments